A bus moves on a flooded road following heavy rainfall

TOPICS COVERED

കനത്ത മഴ‌യെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വെള്ളംകയറി. പലയിടത്തും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. വിമാന സര്‍വീസുകളെയും ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെയും ഇത് ബാധിച്ചു. അതേസമയം, അസമിലെ പ്രളയത്തില്‍ മരണസംഖ്യ 66 ആയി ഉയര്‍ന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ബിഹാറില്‍ മിന്നലേറ്റ് 12 പേര്‍ കൂടി മരിച്ചു 

രാത്രി പെയ്ത ശക്തമായ മഴയിലാണ് മുംബൈ നഗരം വെള്ളക്കെട്ടിന്‍റെ പിടിയിലായത്. പലയിടത്തും കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. കടകളിലും വീടുകളിലും വെള്ളംകയറി. ട്രാക്കുകളില്‍ വെള്ളം പൊങ്ങിതോടെ ലോക്കല്‍ ട്രെയിന്‍ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. സെന്‍ട്രല്‍ ലൈനിലെയും ഹാര്‍ബര്‍ ലൈനിലെയും ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കാനായിട്ടില്ല. മുംബൈയിലേക്കുള്ള 27 വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ഇവിടെ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്ന് ഇന്‍ഡിഗോയും വിസ്താരയും സൂചന നല്‍കി. മുംബൈ കോര്‍പറേഷന്‍ പരിധിയില്‍ സ്കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധിയാണ്. വരുന്ന മൂന്ന് ദിവസം നഗരത്തിലും സമീപ ജില്ലകളിലും ശക്തമായ മഴ പ്രതീക്ഷിക്കാം

പ്രളയക്കെടുതി രൂക്ഷമായ അസമില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ അടക്കം എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നാഴ്ചയായി തുടരുന്ന പ്രളയത്തില്‍ ആകെ മരണം 66 ആയി ഉയര്‍ന്നു. 28 ജില്ലകളിലെ 22 ലക്ഷം ജനങ്ങളെയാണ് കെടുതികള്‍ ബാധിച്ചത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

ENGLISH SUMMARY:

Mumbai Rain : City Gets Record 300mm Rainfall In 6 Hours; Local Train Services Hit, BEST Buses Diverted