ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഉധംപൂരില്‍ പൊലീസ് ചെക് പോസ്റ്റിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പൊലീസ് ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി. പ്രദേശത്ത് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. സമീപ ചെക്ക് പോസ്റ്റുകളിൽനിന്നും കൂടുതൽ സേനാംഗങ്ങൾ തിരച്ചിലിനിറങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. അതേസമയം കത്വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച ഭീകരാക്രമണത്തില്‍ പ്രദേശവാസികളായ 24 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉദ്ദംപൂരില്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ സംഗില്‍ പൊലീസ് ചെക് പോസ്്റ്റിന് സമീപമാണ് ഭീകകരുടെ സാന്നിധ്യം കണ്ടെത്തിയത്. പൊലീസ് ആദ്യം വെടിയുതിര്‍ത്തു. ഭീകരരുടെ ഭാഗത്തുനിന്നും പ്രത്യാക്രമണമുണ്ടായി. ഇതോടെ പൊലീസിന് പുറമെ മറ്റ് സുരക്ഷാസേനാംഗങ്ങളുമെത്തി പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി. ജൂണ്‍ മാസം മുതല്‍ ഇന്നുവരെ ജമ്മു കശ്മീരിലുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. അതിനിടെ കത്വ ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിച്ചവരെന്ന് സംശയിക്കുന്ന 24 പ്രദേശവാസികളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. വനത്തില്‍ ഭീകരര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയതും സൈനിക നീക്കങ്ങളെ സംബന്ധിച്ച വിവരം നല്‍കിയതും പ്രദേശവാസികളായ ചിലരാണെന്ന് സംശയമുയര്‍ന്നിരുന്നു. 

ദോഡ, ര‍‍ജൗറി, കത്വ, കുൽഗാം, പൂഞ്ച് എന്നിവിടങ്ങളിലായി വ്യാപകമായ തിരച്ചിലാണ് ഭീകരര്‍ക്കായി തുടരുന്നത്. മാസങ്ങളുടെ ആസൂത്രണത്തില്‍ പാക് ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. കുല്‍ഗാമിലും കത്വയിലും പാക്–ചൈനീസ്–അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനിടെ, ജമ്മു കശ്മീരിലെ റിയാസിയില്‍ പൊലീസുകാരന്‍റെ മൃതദേഹം കണ്ടെത്തി. അസ്വഭാവികതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Terrorists opened fire at a police check post in Udhampur, Jammu Kashmir