മുംബൈയില്‍ ശിവസേന നേതാവിന്‍റെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച കേസില്‍ പ്രതിയും സുഹൃത്തുക്കളും മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഹുവിലെ ബാര്‍ പൊളിച്ചത്. അതേസമയം, അപകടസമയത്ത് താനാണ് കാറോടിച്ചതെന്ന് മിഹിര്‍ ഷാ പൊലീസിനോട് സമ്മതിച്ചു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
ചട്ടങ്ങലെല്ലാം ലംഘിച്ച് പുലര്‍ച്ചവരെ മദ്യം വിളമ്പിയ ജുഹുവിലെ തപസ് ബാര്‍ ഇന്നലെ എക്സൈസ് അടച്ചുപൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇവിടെ അനധികൃത നിര്‍മാണം നടന്നെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പറേഷന്‍ ബാറിന്‍റെ ഒരുഭാഗം ഇന്ന് പൊളിച്ചുനീക്കിയത്. അപകടത്തിന് മുന്‍പ് ഞായറാഴ്ച പുലര്‍ച്ച 1.30 വരെ മിഹിര്‍ ഷായും സൃഹൃത്തുക്കളും ബാറിലുണ്ടായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ താന്‍ മദ്യപിച്ചില്ലെന്നുമാണ് 24കാരനായ പ്രതിയുടെ മൊഴി.
25 വയസിന് താഴെയുള്ളവര്‍ വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയില്‍ വിലക്കുണ്ട്. പ്രതി മദ്യപിച്ചെന്ന് ശക്തമായ സൂചനയുണ്ടെങ്കിലും ഇത് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രതി പിടിയിലായത് സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞായതിനാല്‍ രക്തസാംപിളില്‍ പരിശോധന കൊണ്ട് കാര്യമില്ല. ശിവസേന നേതാവായ മിഹിര്‍ ഷായുടെ പിതാവ് രാജേഷ് ഷാ ഈ കുറ്റമേല്‍ക്കാന്‍ കുടുംബഡ്രൈവറോട് ആവശ്യപ്പെട്ടന്നാണ് മൊഴി. കേസ് അട്ടിമറിക്കാന്‍ ഭരണപക്ഷം ശ്രമിക്കുകയാണെന്നും കേസില്‍ ഉന്നത തല അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്യൂ കാര്‍ ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച മത്സ്യ വില്‍പ്പനക്കാരിയായ സ്ത്രീ മരിച്ചത്.