അനധികൃത കയ്യേറ്റം ആരോപിച്ച് ഡൽഹി ഡെവലപ്മെൻറ് അതോറിറ്റി വീടുകൾ തകർത്തതോടെ നിസ്സഹായരായി മയൂർ വിഹാർ യമുനാ ഖാദറുകാർ. മുന്നോട്ടുപോക്കിന് വഴി കാണാതെ 200 ഓളം കുടുംബങ്ങളാണ് പെയ്തൊഴിയാത്ത മഴയിൽ മരവിച്ച് നിൽക്കുന്നത്. തനിക്കിനി വീടില്ലെന്നും നല്ലതല്ലാത്ത എന്തൊക്കെയോ സംഭവിച്ചെന്നും ആറു വയസ്സുകാരൻ പ്രവീണിന് മനസ്സിലായിട്ടുണ്ട്.
രണ്ടുദിവസം മുൻപ് വരെ ഇതൊരു കർഷക ഗ്രാമമായിരുന്നു. DDA അനധികൃത കയ്യേറ്റം ആരോപിച്ച് തകർത്തതിൽ താൽക്കാലിക വിദ്യാലയവും സർക്കാരിൻറെ ശൗചാലയവും പെടും. ഇപ്പോൾ ഉള്ളതെല്ലാം പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിലാണ്. ആശങ്കപ്പെട്ടതുപോലെ മഴയെത്തി. സാധനങ്ങൾ സൂക്ഷിച്ച പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിലാണ് ഈ മനുഷ്യരത്രയും.
യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ഉളവർ യമുന തീരം കയ്യേറി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നാണ് ഡൽഹി വികസന അതോറിറ്റിയുടെ ഭാഷ്യം. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് തങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണെന്നും സർക്കാരിന് ഭൂമി പിടിച്ചെടുക്കാൻ അവകാശമുണ്ടെങ്കിലും തങ്ങൾക്കൊരു കിടപ്പാടം നൽകണമെന്ന് ഇവർ അപേക്ഷിക്കുന്നു. ഡൽഹിയിലെ സൗജന്യ വിദ്യാഭ്യാസവും വൈദ്യുതിയും വെള്ളവും ഒക്കെയാണ് ഇവരെ ഇവിടെ പിടിച്ചുനിർത്തുന്നത്.