ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയെ ചൊല്ലി വിവാദം. ബംഗ്ലദേശി, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ എ.എ.പി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ബി.ജെ.പി. ആരോപിച്ചു. അഭയാര്‍ഥികളെ ഡല്‍ഹിയില്‍ പുനരധിവസിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് എ.എ.പി തിരിച്ചടിച്ചു.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് വോട്ടര്‍പട്ടിക സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക് എത്തിച്ചത്. ബംഗ്ലദേശി, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അനധികൃതമായി താമസിപ്പിച്ചിരിക്കുകയാണെന്നും വോട്ടര്‍പട്ടികയില്‍ അവരുടെ പേര് ചേര്‍ക്കാനാണ് ശ്രമമെന്നും ഹര്‍ദീപ് സിങ് പുരി ആരോപിച്ചു. എന്നാല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ എവിടെയൊക്കെയാണ് താമസിക്കുന്നതെന്ന് ഹര്‍ദീപ് സിങ് പുരിക്കും അമിത് ഷായ്ക്കുമാണ് നന്നായി അറിയുക എന്നും ഹര്‍ദീപ് സിങ് പുരിയെ അറസ്റ്റ് ചെയ്യണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അരവിന്ദ് കേജ്‌രിവാള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഹര്‍ദീപ് സിങ് പുരി തിരിച്ചടിച്ചു
അതിനിടെ തന്‍റെ ഭാര്യയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കംചെയ്തെന്ന ആരോപണവുമായി എ.എ.പി. എം.പി സഞ്ജയ് സിങ്ങ് രംഗത്തെത്തി. സഞ്ജയ് സിങ്ങ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നടല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ഭാര്യ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുരിലെ വോട്ടറാണെന്നും അതിനാലാണ് നീക്കം ചെയ്തതെന്നു ബി.ജെ.പി മറുപടി നല്‍കി. 82450 വോട്ടര്‍മാരെ നീക്കം ചെയ്യാനും 4.8 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ജനുവരി ആറിന് പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.