കത്വ ഭീകരാക്രമണത്തില്‍ നാട്ടുകാരായ 24 പേരെ കസ്റ്റഡിയിലെടുത്തു. കരസേനയും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് നടപടി. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരർ ലക്ഷ്യമിട്ടത്.
തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങിയിരിക്കുകയാണ് സുരക്ഷാസേന. അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ തുടങ്ങി. മൂന്ന് ദിവസത്തിന്‍റെ ഇടവേളയിൽ നാലിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കുൽഗാമിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ വീരമൃത്യുവരിച്ചത് രണ്ട് സൈനികർ. കത്വയിൽ വീരമൃത്യുവരിച്ചത് അഞ്ച് കരസേനാംഗങ്ങൾ. ഇതിന് പുറമെയാണ് രജൗറിയിലും ദോഡയിലും സൈന്യത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ. കുൽഗാമിലേത് ഭീകരർക്കെതിരെയുള്ള സൈനിക ഓപ്പറേഷനായിരുന്നു. ഹിസ്ബുൽ മുജാഹിദീനിലെ കമാൻഡറെയെടക്കം ആറ് ഭീകരരെ സൈന്യം വധിച്ചു. എന്നാൽ മറ്റ് മൂന്നിടങ്ങളിലും സൈന്യത്തെയും മറ്റ് സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത ഭീകരാക്രമണമാണ്. ഇതോടെയാണ് നൂറുകണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടുള്ള തിരച്ചിൽ ജമ്മു കശ്മീരിൽ വ്യാപകമായി തുടങ്ങിയത്.
കരസേനാംഗങ്ങള്‍, സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകള്‍, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ദോഡ, രജൗറി, കത്വ, കുൽഗാം, പൂഞ്ച് എന്നിവിടങ്ങളിലാണ് തിരച്ചില്‍. അതിനിടെ, ജമ്മു കശ്മീരിലെ ക്രമസമാധാന നില ഓരോ ദിവസവും തകരുകയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല പറഞ്ഞു.