തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക തിരച്ചിലുമായി സുരക്ഷാസേന. ദോഡ, രജൗറി, കത്വ, കുൽഗാം എന്നിവിടങ്ങളിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന്റെ ഇടവേളയിൽ നാലിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കുൽഗാമിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ വീരമൃത്യുവരിച്ചത് രണ്ട് സൈനികർ. കത്വയിൽ വീരമൃത്യുവരിച്ചത് അഞ്ച് കരസേനാംഗങ്ങൾ. ഇതിന് പുറമെയാണ് രജൌറിയിലും ദോഡയിലും സൈന്യത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ. കുൽഗാമിലേത് ഭീകരർക്കായുള്ള സൈനിക ഓപ്പറേഷനായിരുന്നു. ഹിസ്ബുൽ മുജാഹിദീനിലെ കമാൻഡറെയെടക്കം ആറ് ഭീകരരെ സൈന്യം വധിച്ചു. എന്നാൽ മറ്റ് മൂന്നിടങ്ങളിലും സൈന്യത്തെയും മറ്റ് സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത ഭീകരാക്രമണമാണ്. ഇതോടെയാണ് നൂറുകണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടുള്ള തിരച്ചിൽ ജമ്മു കശ്മീരിൽ വ്യാപകമായി തുടങ്ങിയത്. ദോഡ, രജൗറി, കത്വ, കുൽഗാം, പൂഞ്ച് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്. അതിനിടെ കത്വയിൽ വീരമൃത്യുവരിച്ച അഞ്ച് സൈനികരുടെയും മൃതദേഹങ്ങൾ ഉത്തരാഖണ്ഡിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.