മരം നട്ടുവളര്‍ത്താന്‍ പ്രധാനമന്ത്രിയടക്കം ആഹ്വാനം ചെയ്യുമ്പോള്‍ രാജ്യതലസ്ഥാനത്ത് നടക്കുന്നത് വനനശീകരണം.  റോഡ് വികസനത്തിന്‍റെ പേരില്‍ ആയിരത്തിലേറെ മരണങ്ങളാണ് പരിസ്ഥിതി ലോലമേഖലയില്‍നിന്ന് മുറിച്ചുമാറ്റിയത്. കോടതി കയറിയ മരംമുറിയില്‍ എ.എ.പി.– ബി.ജെ.പി പോരും ശക്തമാണ്. 

ഛത്തര്‍പുരിലെ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയ്ക്കു മുന്നിലെ റോഡാണ് ഇത്. ഗോശാല മുതല്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വരെ രണ്ടരക്കിലോമീറ്ററില്‍ റോഡ് വികനം നടത്തുകയാണ് ഡല്‍ഹി ഡവലപ്പ്മെന്‍റ് അതോറിറ്റി. റോഡ് വികസനം ന്യായമാണെങ്കിലും അതിനായി പരിസ്ഥിതി ലോലമേഖലയിലെ ഒരുവനത്തിന്‍റെ ഭാഗം അപ്പാടെ വെട്ടിവെളുപ്പിച്ചിരിക്കുകയാണ് . ഒന്നും രണ്ടുമല്ല 1100 മരങ്ങളാണ് മുറിച്ചുനീക്കിയത്.

തൊട്ടുത്തുള്ള അതിസമ്പന്നരുടെ ഫാം ഹൗസുകള്‍ ഒഴിവാക്കിയാണ് വനമേഖല തന്നെ റോഡ് വികസനത്തിന് ഏറ്റെടുത്തത്. വിവാദമായതോടെ മരംമുറി കോടതി കയറി. നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവും വന്നു. മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ബി.ജെ.പിയും ഡല്‍ഹി ഡവലപ്മെന്‍റ് അതോറിറ്റിയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതിയോടെ മരം മുറിച്ചതെന്ന് എ.എ.പിയും ആരോപിക്കുന്നു. അനുമതി ആരുകൊടുത്താലും ചെറുവനത്തിന്‍റെ നല്ലൊരു ഭാഗവും ഇല്ലാതായി. 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലങ്ങള്‍ തലസ്ഥാന നഗരം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തവണ കൊടും ചൂടും അതിതീവ്ര മഴയും കണ്ടു. അപ്പോഴാണ് ഈ വനനശീകരണം. 

ENGLISH SUMMARY:

Deforestation in the name of road development delhi story