ആഡംബരത്തിന്‍റെയും താരപ്പകിട്ടിന്‍റെയും മേളമായി അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍റെ കല്യാണം. മുംബൈയിലെ ആഘോഷ രാവില്‍ അനന്ത് അംബാനി, രാധിക മെർച്ചെന്‍റിനെ ജീവിതസഖിയാക്കി. ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിവാഹചടങ്ങില്‍ പ്രമുഖരുടെ നിര സാക്ഷിയായി. അനന്ത് അംബാനി രാധിക മെര്‍ച്ചെന്‍റിന്‍റെ കൈപിടിക്കുമ്പോള്‍ അത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യം പാട്ടും നൃത്തവുമായി മുംബൈയിലെ ആഘോഷരാവ്. അനുഗ്രഹിക്കാന്‍ പ്രമുഖരുടെയും താരങ്ങളുടെയും നീണ്ട നിര. വീടുകളിലെ പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കല്യാണപന്തലിലേക്ക് വധൂവരന്‍മാരുടെ എന്‍ട്രി.  രാത്രി ഒന്‍പതരയ്ക്ക് ശേഷമാണ് വിവാഹചടങ്ങുകള്‍ തുടങ്ങിയത്. 

ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് അതിഥികള്‍.  പുണ്യനഗരിയായ വാരാണസിയെ ഓർമിപ്പിക്കുന്ന വിവാഹപന്തല്‍. ബനാറസിന്‍റെ തനതു രുചി. എണ്ണിയാല്‍ തീരാത്ത വിഭവങ്ങള്‍. നിലയ്ക്കാത്ത ആഡംബരം. ജാംനഗറിലെ പ്രീവെഡ്ഡിങ് മാമാങ്കത്തെയും ഇറ്റലിയിലെ ആഡംബര കപ്പലിലെ ആഘോഷത്തെയും വെല്ലുന്ന ചടങ്ങ്. ആരവങ്ങള്‍ പുലര്‍ച്ചെ വരെ നീണ്ടു. 

 ന്നും നാളെയുമായി ഒരുക്കുന്ന വിവാഹ വിരുന്നോടെ ആറുമാസം നീണ്ട കല്യാണമേളത്തിന് ബൈ–ബൈ പറയും. ഇന്നത്തെ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് വിവരം. ഏഷ്യ കണ്ട ഏറ്റവും വലിയ വിവാഹത്തിനായി 5,000 കോടിയാണ് മുകേഷ് അംബാനി മുടക്കിയതെന്നാണ് അഭ്യൂഹങ്ങള്‍. 100 സ്വകാര്യ വിമാനങ്ങള്‍ മാത്രം അതിഥികള്‍ക്കായി പറപ്പിച്ചു. ആ‍ഡംബരം അതിരുവിട്ടുവെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ബികെസിയുടെ വഴിയടച്ച് ആഘോഷം കൊഴുപ്പിക്കുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. ഏതായാലും മറ്റൊന്ന് ഇതുപോലെ സംഭവിക്കുംവരെ എന്തുകൊണ്ടും ഈ അംബാനിക്കല്യാണം ചരിത്രത്തിന്‍റെ ഭാഗമായിരിക്കും. അതുറപ്പ്.

Indian billionaire heir anant ambani weds at lavish star studded ceremony: