വിവാഹകാര്യത്തില്‍ പൊതുവെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിമാന്‍റ് കൂടുതലാണ്. എന്നാല്‍ സിനിമാ കഥയെ അനുസ്മരിപ്പിക്കുന്ന വിവാഹമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരനുണ്ടായത്. രാവിലെ സ്കൂളിലേക്ക് പോകാനിറങ്ങിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ തട്ടികൊണ്ടുപോയി വിവാഹം ചെയ്യിപ്പിച്ചു. ആശ്ചര്യമുണ്ടാക്കുന്ന ഈ സംഭവം നടന്നത് ബിഹാറിലാണ്.
ജാമുയി ജില്ലയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ 28 കാരന്‍ അവ്നിഷ് കുമാറിനെ വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകും വഴി പെണ്‍വീട്ടുകാര്‍ തട്ടികൊണ്ടുപോയത്. ഇ–ഓട്ടോയില്‍ സ്കൂളിലേക്ക് പോവുകയായിരുന്ന തന്നെ രണ്ട് എസ്‍യുവിയിലെത്തിയ സംഘം തട്ടികൊണ്ടുപോയി അമ്പലത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് അവ്നിഷ് കുമാര്‍ പറഞ്ഞു.
അമ്പലത്തിന് മുന്നില്‍ വെച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വധു വിവാഹ വസ്ത്രമണിഞ്ഞിരിക്കുന്നതും വരന്‍ കരഞ്ഞു കൊണ്ട് ചടങ്ങുകള്‍ നടത്തുന്നതും വിഡിയോയില്‍ കാണാം.
അതേസമയം നിര്‍ബന്ധിത വിവാഹമെന്ന് അവ്നിഷ് കുമാറിന്‍റെ ആരോപണത്തെ വധുവായ 25കാരി ഗുഞ്ചന്‍ തള്ളി. നാല് വര്‍ഷമായി പ്രണയത്തിലാണ്. ഈയിടെ അവ്നിഷിനൊപ്പം കതിഹാറിലേക്ക് പോയപ്പോള്‍ എന്‍റെ വീട്ടുകാര്‍ ബന്ധത്തെ പറ്റി അറിഞ്ഞു. അവര്‍ അമ്പലത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വധുവിന്‍റെ ഭാഗം.
സര്‍ക്കാര്‍ ജോലി ലഭിച്ച ശേഷം ബന്ധം തുടരാന്‍ താല്‍പര്യം കാണിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇരുവരും ഒന്നിച്ച് താമസിച്ചിച്ചടുണ്ടെന്നും ബന്ധം ദൃഡമായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. 'എന്നെ വിവാഹം കഴിക്കാമെന്നും ഒന്നിച്ച് ജീവിക്കാമെന്നും അവ്നിഷ് ഉറപ്പ് നല്‍കിയതാണ്. അവന്‍ ജോലി ചെയ്യുന്ന സ്കൂളിലേക്കടക്കം എന്നെ കൊണ്ടു പോയിട്ടുണ്ട്. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിനായി അന്വേഷണം നടത്തിയപ്പോള്‍ അവ്നിഷ് ഒഴിഞ്ഞു മാറുകയായിരുന്നു', എന്നാണ് പെണ്‍കുട്ടിയുടെ വാദം.
വിവാഹ ശേഷം അവ്നിഷ് രക്ഷപ്പെട്ടെങ്കിലും ഗുഞ്ചന്‍ കുടുംബക്കാരോടൊപ്പം വരന്‍റെ വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അവ്നിഷിന്‍റെ വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുമായി പ്രണയമില്ലെന്ന് വ്യക്തമാക്കിയ അവ്നിഷ് ആരോപണങ്ങള്‍ തള്ളുകയും പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.