ഡല്‍ഹിയിലെ ആശുപത്രിയില്‍ ആളുമാറി രോഗിയെ വെടിവച്ച് കൊന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ഭാഗമായാണ് ആക്രമണം ഉണ്ടായത്. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ റിയാസുദീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്.
എതിര്‍ സംഘത്തില്‍പ്പെട്ടയാളെ ലക്ഷ്യമിട്ടാണ് നാല് പേരടങ്ങിയ സംഘം ആശുപത്രിയിലെത്തിയത്. എന്നാല്‍ ആളുമാറി വെടിവയ്ക്കുകയായിരുന്നു. 18 വയസുള്ളയാളാണ് റിയാസുദീനെ വെടിവച്ചത്. റിയാസുദ്ദീന്‍ കിടന്ന കട്ടിലിന് എതിര്‍വശത്തുണ്ടായിരുന്ന ആളെ കൊല്ലാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.
വയറിലെ അണുബാധയെത്തുടര്‍ന്ന് ജൂണ്‍ 23നാണ് റിയാസുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടി. ഫയാസ് എന്നയാളെ ലോണിയില്‍ നിന്നും ഫര്‍ഹാനെ സീലംപൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ എമര്‍ജന്‍സി ഗേറ്റിലൂടെയാണ് അക്രമിസംഘം ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഫഹീം എന്ന ഗുണ്ടാ നേതാവാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ജോലി ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.