ഭാര്യയുടെ പിതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് പിടിയിൽ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. കൊല്ലം മടത്തറ റോഡുവിളവീട്ടിൽ സജീറുദ്ദീനെയാണ് (36) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ 49കാരനായ അഷറഫ് 40 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇന്നലെ രാവിലെ 7 മണിക്ക് മടത്തറ സാം നഗർ റോഡിലാണ് സംഭവം. ഓട്ടോയിൽ കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്ന അഷറഫിനെ കാറിലെത്തിയ സജീറുദ്ദീൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതോടെ ഓട്ടോയിൽ നിന്നിറങ്ങി ഓടിയ അഷറഫിന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.
പൊള്ളലേറ്റ അഷറഫിനെ ആദ്യം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഭാര്യയുടെ പിതാവിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി സജീറുദ്ദീനും ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു. ഇതിന് കാരണം ഭാര്യാപിതാവാണെന്നാണ് സജീറുദ്ദീൻ കരുതിയിരുന്നത്.
ഇയാൾ എവിടെ നിന്നാണ് പെട്രോൾ വാങ്ങിയതാണെന്നതിൽ വ്യക്തത വന്നിട്ടില്ല. സംഭവശേഷം പ്രതി തന്നെയാണ് ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് ചിതറ പൊലീസ് ഇയാളെ കുളത്തൂപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.