ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നത്. അപൂർവ വൈറസ് ബാധയെ തുടർന്ന് ഗുജറാത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
വേഗത്തിൽ പടരുന്ന പനി തലച്ചോറിനെ ബാധിക്കുന്നതാണ് ചാന്ദിപുര വൈറസ്ബാധയിലെ അപകടം. ഗുജറാത്തിലെ സബര്‍കാന്ത ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച നാല് കുട്ടികള്‍ മരിച്ചതോടെയാണ് അപൂർവ്വ വൈറസ് ബാധയെ കുറിച്ച് സംശയം ഉയരുന്നത്. പുണെ വൈറോളജി ലാബിലെ രക്തസാംപിൾ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. പിന്നാലെ നാല് പേർ കൂടി മരിച്ചു. തുടർന്ന് വിവിധ ജില്ലകളില്‍ രോഗലക്ഷണം കാണിച്ചവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 15 പേർക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു.
സബര്‍ക്കാന്തക്ക് പുറമേ ആരവല്ലി, മഹിസാഗര്‍, ഖേഡ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിക്കുന്ന എല്ലാവരും ആശുപത്രിയില്‍ ചികില്‍സക്ക് എത്തണം എന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 1965ല്‍ മഹാരാഷ്ട്രയിലെ ചാന്തിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കൊതുകുകളും ഈച്ചകളുമാണ് രോഗം പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് ലക്ഷണങ്ങൾ. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും. 2003- 2004 കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 300ലധികം പേർ ഈ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.