ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെന്ന ഭരണഘടനാ പദവിയിലിരിക്കെ നിരവധി പരിപാടികള്‍ക്ക് ജയിലിലെത്തിയ പി.പി.ദിവ്യ ഒടുവില്‍ ജയിലിനുള്ളിലെത്തിയത് തടവുകാരിയായി. ഒരു നിമിഷത്തെ എടുത്തുചാട്ടമാണ് ദിവ്യയെ അഴിയെണ്ണിച്ചത്. പൊതുപ്രവര്‍ത്തകയായ ശേഷമുള്ള ദിവ്യയുടെ ആദ്യ ജയില്‍വാസം കൂടിയാണിത്. കണ്ണൂരില്‍ നിന്ന് സിപിഎമ്മിന് ഭാവിയില്‍ നിയമസഭയിലേക്കും മന്ത്രിസഭയിലേക്കുമൊക്കെ വളര്‍ത്തിക്കൊണ്ടുവരാന്‍ താല്‍പര്യമുള്ള നേതാവായിരുന്നു പി പി ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ഒട്ടേറെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിത്വം. പ്രതിപക്ഷം പോലും ഇക്കാര്യം അംഗീകരിച്ചിരുന്നു.
36ആം വയസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ഒമ്പതാമത്തെ പ്രസിഡന്‍റായി ചുമതലയേറ്റ പി പി ദിവ്യ ഒടുവില്‍ പടിയിറങ്ങുന്നത് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടതോടെയാണ്. ആ വഴി ഇപ്പോള്‍ ജയിലഴിക്കുള്ളിലും. ബാലസംഘം മുതല്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്ന വനിതാ നേതാവ് ഇതിനു മുമ്പ് അഴിയെണ്ണിയിട്ടില്ല. ജയിലിനുള്ളിലാകുന്നത് ക്രിമിനല്‍ കേസിലാണെന്നതാണ് ശ്രദ്ധേയം. ജയിലിലെ പരിപാടികളില്‍ അതിഥിയായി പോകാറുള്ള ദിവ്യ ഇന്നലെ രാത്രി തടവുകാരിയായി കടക്കേണ്ടി വന്നത് രാഷ്ട്രീയ തിരിച്ചടിയാണ്. കൂടാതെ രാഷ്ട്രീയ ജീവിതത്തില്‍ തിരുത്താനാകാത്ത കരിനിഴലും. കുറ്റവിമുക്തയായി തിരിച്ചുവന്നാല്‍ പോലും നവീന്‍ ബാബുവിന്‍റെ മരണമുണ്ടാക്കിയ കോളിളക്കം വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍ എന്ന് നവീനെ ഉന്നമിട്ട് യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ പറഞ്ഞത് ഒടുവില്‍ അറംപറ്റിയ പോലെയാണ് ദിവ്യയ്ക്ക് വന്നുഭവിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകുന്നതിന് മുമ്പ് വൈസ് പ്രസിഡന്‍റായിരുന്നു ദിവ്യ. അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവും. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായ കാലത്താണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഡിവൈഎഫ്ഐ കേന്ദ്രകമിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികള്‍ ഇപ്പോഴും ദിവ്യക്കുണ്ട്. കണ്ണൂരിലെ മുതിര്‍ന്ന സിപിഎം വനിതാ നേതാക്കളായ പി.കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരുടെ ശ്രേണിയിലേക്ക് ഭാവിയില്‍ എത്തേണ്ടിയിരുന്ന നേതാവിന്‍റെ വീഴ്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള പാഠമാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.