ബിഹാർ സരണിൽ യുവാവ് കാമുകിയെയും സഹോദരിയെയും പിതാവിനെയും വെടിവച്ചുകൊന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടികളുടെ മാതാവ് പരുക്കേറ്റ് ആശുപത്രിയിലാണ്. വെടിയുതിര്‍ത്ത സുധാൻഷു കുമാർ, കൂട്ടാളി അങ്കിത് കുമാർ എന്നിവരെ പൊലീസ് പിടികൂടി.
ചാന്ദ്‌നി കുമാരി (17), ആഭാ കുമാരി (15), അവരുടെ പിതാവ് താരേശ്വർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ധനാദിഹ് ഗ്രാമത്തിലാണ് അസ്വസ്ഥനായ കാമുകന്‍ കാമുകിയെയും കുടുംബത്തെയും ആക്രമിച്ചത്. പരുക്കുകളോടെ രക്ഷപ്പെട്ട മാതാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകാതെ പൊലീസ് പ്രതികളെ പിടികൂടി. കൊല്ലപ്പെട്ടവരുടെ മൃതദേഹം ചപ്ര സദർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ചാന്ദ്‌നി കുമാരി മുമ്പ് പ്രതിയായ സുധാൻഷു എന്ന റോഷനുമായി പ്രണയത്തിലായിരുന്നെന്നും അടുത്തിടെ ആ ബന്ധം അവസാനിപ്പിച്ചിരുന്നെന്നും നേരത്തെയും റോഷൻ ഭീഷണിപ്പെടുത്തിയിരുന്നെന്നും ചാന്ദ്നിയുടെ അമ്മ ശോഭാദേവി പറഞ്ഞു. ആക്രമണത്തിനുപിന്നാലെ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.