കര്‍ണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു . ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്നുപേരാണ് കുടുങ്ങിക്കിടക്കുന്നത്.
മണ്ണിടിച്ചിലുണ്ടായി നാലാം ദിവസത്തിലേക്കു കടന്നപ്പോഴും തിരിച്ചില്‍ അതീവ ദുഷ്കരമായി തുടരുകയാണ്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും കനത്തമഴ തുടരുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി. എന്‍ഡിആര്‍എഫും പൊലീസുമാണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്. മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണ് നീക്കം ചെയ്യുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മൂന്നുദിവത്തെ തിരച്ചിലിനിടെയാണ് ഏഴു മൃതദേഹങ്ങള്‍ കമ്ടെടുത്തത്. സ്ഥലത്ത് ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. തമിഴ്നാട്ടില്‍നിന്നെത്തിയ രണ്ട് ലോറി തൊഴിലാളികളും മരിച്ചു. തീരദേശ കര്‍ണാടകയില്‍ കഴിഞ്ഞ 5 ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. ഗോവയിലെ നാവിക സേനാ കേന്ദ്രത്തില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ എത്തിച്ച് തിരച്ചില്‍ പുനഃരാരംഭിക്കാനാണ് തീരുമാനം. ഇതിനായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ശ്രമങ്ങള്‍ തുടങ്ങി. അതേ സമയം മുക്കം സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ അകപ്പെട്ടുവെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്നത് മന്ദഗതിയിലായി.മണ്ണ് പ്രദേശത്തു നിന്ന് ലോറിയില്‍ എടുത്തു മാറ്റിയുള്ള തിരിച്ചിലാണു കനത്ത മഴയെ തുടര്‍ന്നു മന്ദഗതിയിലായത്. മൂന്നുദിവസമായി റോഡില്‍ പതിച്ച മണ്ണിന്റെ പകുതി പോലും നീക്കിയിട്ടില്ലെന്നാണു ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പറയുന്നത്.