കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്. 200 മീറ്റര്‍ ഭാഗത്താണ് മണ്ണിടിഞ്ഞു കിടക്കുന്നത്. ഈ 200 മീറ്ററിന്റെ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് കറങ്ങി വരാന്‍ 45 കിലോമീറ്ററുണ്ടെന്നും ഏറെ പ്രയാസകരമായ കാര്യമാണിതെന്നും പറയുന്നു ലോറി ഉടമ മനാഫ്. അര്‍ജുനെ തിരിച്ചുകിട്ടണേയെന്ന പ്രാര്‍ഥനയില്‍ കാത്തിരിക്കുകയാണ് മനാഫും അര്‍ജുന്റെ കുടുംബവും.
കാണാതായ അര്‍ജുനും ലോറിക്കും മുകളില്‍ നാലഞ്ച് ഫൂട്ട് മണ്ണേ കാണാന്‍ സാധ്യതയുള്ളൂവെന്നും പറയുന്നു ലോറി ഉടമ മനാഫ്. അര്‍ജുനെ കാണാതായിട്ട് ഇത് അഞ്ചാം ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മണ്ണുവീണ് ഗതാഗതം താറുമാറായ ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലിയായിരുന്നു നടത്തിയത്. ഇന്നാണ് അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുന്നതെന്ന് മനാഫ് പറയുന്നു. രാവിലെ മുതല്‍ തന്നെ ലോറി കണ്ടെത്താനുള്ള ശ്രമമായിരിക്കും നടത്തുകയെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. മല ഇടിഞ്ഞ ഭാഗത്താണ് ലോറി ഉള്ളതെന്നാണ് ജിപിഎസ് കാണിക്കുന്നത്. ആ ഭാഗത്തെ മണ്ണ് പെട്ടന്ന് നീക്കം ചെയ്യാനാകില്ല, മുകളില്‍ നിന്നും നീക്കം ചെയ്ത് വരണം, റഡാറും നൂതന യന്ത്രങ്ങളുമുപയോഗിച്ച് പ്രവര്‍ത്തനം നടത്തും. ഇതൊക്കെയാണ് ആദ്യംമുതലേ താന്‍ ആവശ്യപ്പെട്ടിരുന്നത്, പക്ഷേ ഇതിപ്പോള്‍ ശരിക്കും വൈകി, കേരളത്തിലെ മാധ്യമങ്ങളും രാഷ്ടരീയ പ്രവര്‍ത്തകരും ഇടപെട്ടതുകൊണ്ടാണ് ഇപ്പോഴെങ്കിലും അര്‍ജുനായി തിരച്ചില്‍ നടത്തുന്നതെന്നും മനാഫ് പറഞ്ഞു.
200 മീറ്റര്‍ ഭാഗമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഈ 200 മീറ്ററിന്റെ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് കറങ്ങി വരാന്‍ 45 കിലോമീറ്ററുണ്ട്. ഏത് ഭാഗത്തുനിന്നാണ് അവനെ കിട്ടുക എന്നറിയില്ലല്ലോ, ഏതായാലും ഇപ്പോഴെങ്കിലും മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍തുടങ്ങിയതിന്െ ആശ്വാസത്തിലാണ് ലോറി ഉടമ മനാഫ് .
ആശങ്കയുണ്ടെങ്കിലും ശുഭവാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുന്റെ കുടുംബം. പരാതി നൽകിയ ചൊവ്വാഴ്ച തന്നെ രക്ഷപ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിൽ ഈ ആശങ്ക ഒഴിവാകുമായിരുന്നുവെന്നും അർജുന്റെ അമ്മ ഷീല മനോരമ ന്യൂസിനോട് പറഞ്ഞു. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ് . ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം 15 പേരാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചിലുണ്ടായി അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോഴും തിരിച്ചില്‍ അതീവ ദുഷ്കരമായി തുടരുകയാണ്. അര്‍ജുന്‍റെ ലോറിക്കായി പുഴയില്‍ നടത്തിയ തിരച്ചില്‍ കഴിഞ്ഞു. നദിയുടെ അടിത്തട്ടില്‍ ലോറിയില്ലെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞു. നേവിയും എന്‍ഡിആര്‍എഫും പ്രദേശത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി. രാത്രിയില്‍ ലഭിച്ച ജിപിഎസ് സിഗ്നല്‍ ഭാരത് ബെന്‍സില്‍ നിന്ന് വാങ്ങും.