നീറ്റ് യു.ജി. പരീക്ഷയുടെ നഗരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും അടിസ്ഥാനമാക്കിയുള്ള വിദ്യാര്‍ഥികളുടെ മാര്‍ക്ക് എന്‍.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.  മാര്‍ക്ക് പരിശോധിച്ചശേഷം പുനഃപരീക്ഷ നടത്തുന്നതില്‍ തീരുമാനമുണ്ടാകും. ക്രമക്കേടിന്‍റെ വ്യാപ്തി അറിയാനും സുതാര്യത ഉറപ്പാക്കാനുമാണ് നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും തിരിച്ച് ഓരോ വിദ്യാര്‍ഥിക്കും ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിച്ചത്. 

ഏതെങ്കിലും നഗരത്തിലോ പരീക്ഷാ കേന്ദ്രത്തിലോ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയാനാണ് ഇത്. വിദ്യാര്‍ഥികളുടെ റജിസ്റ്റര്‍ നമ്പര്‍ പുറത്തുവിട്ടിട്ടില്ല. പരീക്ഷാ ക്രമക്കേടിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവരുടെ ആവശ്യപ്രകാരം ഇന്ന് ഉച്ചയ്ക്കു മുന്‍പ് വിശദമായ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  മാര്‍ക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും പുനഃപരീക്ഷ നടത്തുന്നകാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുക. വ്യാപക ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ പുനഃപരിശോധനയ്ക്ക് ഉത്തരവിടാനാകൂ എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. 

ഫലമറിയാനായി എന്‍ടിഎയുടെ ഔദ്യോഗിക വെബ്‍സൈറ്റ് സന്ദര്‍ശിക്കാം. ഹോം പേജിലെ നീറ്റ് യുജി റിസല്‍ട്ട് 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷം സബ്മിറ്റ് ചെയ്യുക. റിസല്‍ട്ട് സ്ക്രീനി്ല്‍ ലഭ്യമാകും. പേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഹാര്‍ഡ് കോപ്പി കയ്യില്‍ സൂക്ഷിക്കുക.

ENGLISH SUMMARY:

National Testing Agency, NTA has released NEET UG Result 2024 based on city and exam centre.