arjunsearching

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട ലോറിയും അതില്‍ കുടുങ്ങിയ മലയാളി യുവാവിനെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ 200 മീറ്റര്‍ ഭാഗത്ത് മണ്ണ് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടത്തുന്നത്. ഈ മേഖലയിലേക്ക് ആരെയും കടത്തിവിടുന്നില്ല. അപകടസാധ്യത മുന്നില്‍കണ്ടാണ് വിലക്കെന്ന് കര്‍ണാടക അധികൃതര്‍ പറയുന്നു. ഈ സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റര്‍ അകലെ ബാരിക്കേഡ് കെട്ടിയാണ് മാധ്യമങ്ങളെയും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെയും തടഞ്ഞുവച്ചിരിക്കുന്നത്.

arjun-child

ഏറെ നേരത്തെ ആവശ്യത്തിനുശേഷം അര്‍ജുന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അനുവദിച്ചു. പൊലീസ് വാഹനത്തിലാണ് അര്‍ജുന്റെ ബന്ധുക്കളെ കൊണ്ടുപോയത്. കര്‍ശനഉപാധികളോടെയാണ് ഇവരെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്. അപകടസ്ഥലത്തെ വിഡിയോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന ഉപാധി. പൊലീസ് നിര്‍ദേശത്തില്‍ ബന്ധുക്കള്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം അര്‍ജുനെ കണ്ടെത്തുകയാണ് പ്രധാനം എന്നതിനാല്‍ അവര്‍ ഉപാധികള്‍ അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ രക്ഷാപ്രവര്‍ത്തനം ഏത് രീതിയിലാണ് നടക്കുന്നതെന്ന് പുറംലോകംകൂടി കാണേണ്ടത് അത്യാവശ്യമാണെന്ന് ലോറി ഉടമ മനാഫ് പറയുന്നു. മാധ്യമപ്രവര്‍ത്തകരെപ്പോലും കടത്തിവിടാത്തത് അങ്ങേയറ്റം വേദനാജനകമാണ്. കഴിഞ്ഞ നാലുദിവസം അവിടെ എന്തൊക്കെ അബദ്ധമാണ് നടത്തിയതെന്ന് ജനങ്ങളറിയണം . 20 മിനിറ്റിലേറെ എടുത്താണ് ഒരു ലോഡ് മണ്ണെടുത്ത് വണ്ടി തിരിച്ചെത്തുന്നത്. വേഗത്തില്‍ കാര്യങ്ങള്‍ നീക്കിയാലേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂവെന്നും മനാഫ് അടക്കമുള്ളവര്‍ വ്യക്തമാക്കുന്നു.

16ന് രാവിലെ അപകടത്തില്‍പ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് രാവിലെ മാത്രമാണ് തിരച്ചില്‍ ആരംഭിച്ചത്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു ഡിവൈഎസ്പി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഷിരൂരിലെത്തി. പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുംവരെ തുടരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് സെക്രട്ടറി വി.വേണുവും പറഞ്ഞു. അതേസമയം, തിരച്ചിലിനായി റഡാര്‍ എത്തിച്ചെന്ന് ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ മനോരമ ന്യൂസിനോട് പറഞ്ഞു.

Prohibition of providing information to the media at Shiroor accidental landslide zone media to enter:

Prohibition of providing information to the media at Shiroor accidental landslide zone, lorry driver Manaf and family of arjun raising protest.