മാരകായുധവുമായി പൊതുസ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ബിഗ്ബോസ് താരങ്ങള്‍ അറസ്റ്റില്‍. കന്നഡ താരങ്ങളായ രജത് കിഷന്‍, വിനയ് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. വടിവാള്‍ ഉപയോഗിച്ച് റീല്‍സ് എടുക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആയുധ നിയമപ്രകാരം ബെംഗളൂരു പോലീസ് ആണ് താരങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബെംഗളൂരു പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം താരങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബുജ്ജി എന്ന ഇൻസ്റ്റ അക്കൗണ്ടിലാണ് ഇരുവരും റീൽസ് ഷെയര്‍ ചെയ്തത്. റീല്‍സ് വൈറലായതോടെയാണ് സോഷ്യല്‍മീഡിയ നീരീക്ഷണവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, എക്സ്, സ്നാപ്ചാറ്റ് എന്നിവയിലൂടെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരെ പിടികൂടാനും അത്തരം പോസ്റ്റ് നീക്കം ചെയ്യാനും നിരീക്ഷണവിഭാഗത്തിന് പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബിഗ്ബോസ് താരങ്ങളുടെ റീല്‍സ് ശ്രദ്ധയില്‍പ്പെട്ടത്.