കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ തുടര്‍ച്ചയായ ഏഴാം ബജറ്റാണ് ജൂലൈ 23 ന് അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന ചരിത്രമാണ് നിര്‍മലാ സീതാരാമനെ കാത്തിരിക്കുന്നത്. മൊറാര്‍ജി ദേശായിയുടെ റെക്കോഡാണ് ധനമന്ത്രി മറികടക്കുക. ഇതിനൊപ്പം കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായി ഘടകകക്ഷികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട ബജറ്റ് കൂടിയാണിത്. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നഷ്ടമായ ബിജെപിക്ക് തിരികെ വരാനുള്ള സഹായം നല്‍കിയവരാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. മോദിയെ മൂന്നാം തവണ പ്രധാനമന്ത്രിയാക്കിയതിന് നന്ദി കാണിക്കേണ്ട സമയമാണിത്. ആന്ധ്രയിലും ബിഹാറിലും ഭരിച്ചുകൊണ്ടിരിക്കുന്ന ഇരുവരും തങ്ങളുടെ തട്ടകത്തിലേക്ക് പരമാവധി പണമെത്തിക്കാനാണ് ശ്രമിക്കുന്നത്. മന്ത്രിസഭയിലേക്ക് 11 ഘടകകക്ഷികള്‍ക്കാണ് ബിജെപി പരിഗണന നല്‍കിയത്. അഞ്ച് പാര്‍ട്ടികള്‍ക്ക് ക്യാബിനറ്റും ലഭിച്ചു. എങ്കിലും ഭരണത്തില്‍ പ്രധാനികളാണ് ടിഡിപfയും ജെഡിയുവും. 16 എംപിമാരുള്ള ടിഡിപിയും 12 എംപിമാരുള്ള ജെഡിയുവും ചേര്‍ന്നാല്‍ എന്‍ഡിഎയുടെ 9.5 ശതമാനമായി. 

ബിഹാറിന്‍റെ വികസന പദ്ധതികൾക്കായി 30,000 കോടി രൂപയാണ് നിതീഷ് കുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക പാക്കേജോ ജെഡിയു പ്രതീക്ഷിക്കുന്നു. ബിഹാര്‍ ബിജെപിയും ജെഡിയുവിന്റെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. പ്രത്യേക പദവി ലഭിച്ചാൽ ബിഹാറിന് ഏത് പദ്ധതിക്കും കേന്ദ്രത്തിൽ നിന്ന് 90% ഫണ്ട് ലഭിക്കും. പ്രത്യേക പാക്കേജാണ് ചന്ദ്രബാബു നായിഡവും ആവശ്യപ്പെടുന്നത്. 

ഹൈദരാബാദിനെ തെലങ്കാന കൊണ്ടുപോയതോടെ തലസ്ഥാനം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് നായിഡു. അമരാവതി ആന്ധ്രയുടെ തലസ്ഥാനമാകുമെന്നത് നായിഡുവിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പദ്ധതിക്ക് നായിഡു ബജറ്റില്‍ നിന്നും പിന്തുണ തേടുന്നു. പോളവാരം ദേശീയ ജലസേചന പദ്ധതിക്കായി ഫണ്ട് ഉറപ്പ് നൽകാനും നായിഡു സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

ആന്ധ്രയുടെ കുടിവെള്ളം, ജലസേചനം, വൈദ്യുതി ഉൽപ്പാദനം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ പദ്ധതി പ്രധാനമാണ്. ബജറ്റില്‍ 60,000കോടി രൂപയുടെ നിക്ഷേപം വരുന്ന ഓയില്‍ റിഫൈനറി, പെട്രോളിയം ഹബ് സംസ്ഥാനത്ത് ആരംഭിക്കുമെന്ന പ്രഖ്യാപനം വരുമെന്നാണ് സൂചന. ബിപിസിഎല്‍ നടപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നായിഡു ഉറപ്പിച്ചിരുന്നു. 

ENGLISH SUMMARY:

It's payback time. Chandrababu naidu and Nitish kumar expecting more from union budget 2024. JDU demanding special status for Bihar while tdp need special package for Andra.