റെയിൽവെ വികസനത്തിൽ കേരള സർക്കാർ സഹകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി അശ്വിനി വൈഷ്ണവ്. ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നില്ല. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്‍റെ റെയില്‍വെ വികസനത്തിന് 3,011 കോടി വകയിരുത്തി. പാലക്കാട് ഡിവിഷന്‍ വിഭജിക്കില്ലെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. ആമയിഴഞ്ചാന്‍ ദുരന്തത്തെക്കുറിച്ച് ഡിവിഷണല്‍ മാനേജര്‍ പറഞ്ഞതാണ് അവസാനവാക്കെന്നും റെയില്‍വെ മന്ത്രി.
അങ്കമാലി–ശബരി പാത, വിഴിഞ്ഞം വരെ നീട്ടുമോയെന്ന അടൂര്‍ പ്രകാശിന്‍റെ ചോദ്യത്തിന് മറുപടി പറയവെയാണ് റെയില്‍വെ വികസനത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ നിസഹകരണത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് വിമര്‍ശനമുയര്‍ത്തിയത്. പിന്നീട് മലയാളി മാധ്യമപ്രവര്‍ത്തകരെ കണ്ട റെയില്‍ മന്ത്രി, 459 ഹെക്ടര്‍ വേണ്ടിടത്ത് 62 ഹെക്ടര്‍ മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിട്ടുള്ളത് എന്ന് പറഞ്ഞു.
സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ ട്രാക്കിന്‍റെ ശേഷിയും ട്രെയനുകളുടെ എണ്ണവും കൂട്ടാനാവൂ. അങ്കമാലി - ശബരി പാതയുടെ പുതിയ അലൈൻമെൻറ് പരിശോധിച്ച് വരികയാണ്. 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. തല്‍ക്കാലം കേരളത്തിന് പുതിയ വന്ദേഭാരതില്ല.ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.