ഷിരൂരില്‍ മണ്ണിടിഞ്ഞുവീണ സ്ഥലത്ത് ലോറിയുടെ എക്സാറ്റ് ലൊക്കേഷന്‍ കിട്ടിയതായി റിപ്പോര്‍ട്ട് വന്നെങ്കിലും റഡാര്‍ സൂചനകള്‍ കിട്ടിയ ഭാഗത്തൊന്നും ട്രക്ക് കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണഭൈരഗൗഡ. ട്രക്ക് ഉണ്ടെന്ന തരത്തില്‍ ലോഹഭാഗങ്ങള്‍ കാണിച്ച് റഡാര്‍ സൂചനകള്‍ അനുസരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ലെന്നും മന്ത്രി പറഞ്ഞു. ഒരു പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഏതാണ്ട് ആയിരക്കണക്കിനു ലോഡ് മണ്ണാണ് ഇതുവരെ മാറ്റിയിരിക്കുന്നത്.അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടായി ആറാംദിനം ബലഗാവിയില്‍ നിന്നും നാല്‍പതംഗ സൈന്യമെത്തി പരിശോധനയുടെ നേതൃത്വം ഏറ്റെടുത്തു.മേജര്‍ അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഇന്നലെ നാലുമണിക്ക് നടത്തിയ റഡാര്‍ പരിശോധനയിലൂടെ ലോഹഭാഗമെന്ന് കരുതുന്ന ചില സിഗ്നലുകള്‍ ലഭിച്ചിരുന്നു.
മണ്ണുമാറ്റല്‍ ജോലി ഇന്നിപ്പോള്‍ മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞു. ഏതാണ്ട് 70ശതമാനം മണ്ണ് നീക്കിക്കഴിഞ്ഞു. അതിനിടെ കാലാവസ്ഥ പ്രതികൂലമാവുന്നതും രക്ഷാപ്രവര്‍ത്തനത്തിന് ഇടയ്ക്ക് തടസമാവുന്നുണ്ട്. ചാറ്റല്‍മഴയും ശക്തമായ മഴയും ഇടക്കിടെ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ തടസം സൃഷ്ടിച്ചിരുന്നു. ആറാംദിനമെങ്കിലും സൈന്യം എത്തിയതോടെ അധികം വൈകാതെ ശുഭകരമായ വാര്‍ത്തകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി കരുത്തുറ്റ അനുഭവസമ്പത്തുള്ള സംഘമാണ് ഇപ്പോള്‍ തിരച്ചിലിന് എത്തിയത്.
അതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുന്നുണ്ട്.