ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തങ്ങള്‍ക്ക് ഇപ്പോഴാണ് അവസരം ലഭിച്ചതെന്ന് ലോറി ഉടമ മനാഫ്. ഇപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ കയ്യില്‍ കിട്ടിയിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം ഞങ്ങളേറ്റെടുത്തിരിക്കുകയാണന്നും മനാഫ്. നേരത്തേ റഡാറില്‍ തെളിഞ്ഞ ലൊക്കേഷനിലെ ഒരു ഭാഗത്ത് രഞ്ജിത് ഇസ്രയേലിയും സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. ഇനി അഥവാ ട്രക്ക് നിര്‍ത്തിയിട്ട ഭാഗത്തുനിന്നും തള്ളിപ്പോയെങ്കില്‍ ചായക്കടയുള്ള ഭാഗത്താണ് ഉണ്ടാവാനുള്ള സാധ്യതയുള്ളതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ് പറയുന്നു. അങ്ങനെ വണ്ടി തള്ളിപ്പോന്നുവെങ്കില്‍ ഒന്നുരണ്ടു തവണ മറിയാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ ലോറി മറിഞ്ഞിരുന്നെങ്കില്‍ ലോറിയിലുളള തടിക്കഷ്ണങ്ങളിലൊന്നെങ്കിലും പരിസരത്തോ അല്ലെങ്കില്‍ തെന്നിമാറിയോ കാണണമായിരുന്നു.ഒരു തടിക്കഷ്ണം പോലും ഇവിടെ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് നിര്‍ത്തിയിട്ട ഭാഗത്തു നിന്നും വണ്ടി നീങ്ങിപ്പോയില്ലെന്നുതന്നെ മനസിലാക്കാമെന്നും പറയുന്നു മനാഫ്.
ഒരു ട്രാക്ക് നിറയെ ഇപ്പോഴും മണ്ണാണ് .ആ ഭാഗവും കഴിഞ്ഞ് റോഡിന്റെ വശത്തേക്കാവും അര്‍ജുന്‍ വണ്ടി നിര്‍ത്തിയിട്ടുണ്ടാവുക. ഒരു സൈഡ് നമ്മുടെ സംഘവും ഒരു സൈഡ് സൈന്യവുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. 40ടണ്‍ ഭാരമുള്ള ലോഡാണ് വണ്ടിയിലുള്ളത്. 400ല്‍ മേലെ തടിക്കഷ്ണങ്ങളാണ് ലോഡ്. കര്‍ണാടക റവന്യൂമന്ത്രി പറയുന്നതുപോലെ മണ്ണിടിച്ചിലില്‍ ട്രക്ക് പുഴയിലേക്ക് പോയെങ്കില്‍ ഒരു കഷ്ണം തടിയെങ്കിലും എവിടെയെങ്കിലും കാണണ്ടേയെന്നും മനാഫ് ചോദിക്കുന്നു. മരക്കഷ്ണങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ തെന്നിമാറില്ലേയെന്നും ചോദ്യമുന്നയിക്കുന്നു മനാഫ് . ഇത് മനസിലാക്കാന്‍ വലിയ എന്‍ജിനീയറിങ് ആവശ്യമില്ല, സാമാന്യബോധം മാത്രം മതിയെന്നും മനാഫ് പറയുന്നു. പരിസരഭാഗങ്ങളിലെല്ലാം തങ്ങള്‍ പോയി അന്വേഷിച്ചെന്നും എവിടെയും തടിയുടെ സാന്നിധ്യം കണ്ടില്ലെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
റഡാറില്‍ കണ്ട ഭാഗത്തുതന്നെയാവും അര്‍ജുനും ട്രക്കും ഉണ്ടാവുകയെന്നുള്ള പ്രതീക്ഷിലാണ് മനാഫ്. ആ ഭാഗത്ത് ഇനിയും മണ്ണെടുക്കാനുണ്ട്. ഇനി കുറച്ച് മണ്ണ് കൂടിയേ എടുക്കാനുള്ളുവെങ്കിലും വണ്ടി അതിനുള്ളില്‍ തന്നെ കാണും എന്ന പ്രതീക്ഷയിലാണ് ലോറി ഉടമ മനാഫ്.
ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്ന ഭാഗത്ത് തിരച്ചില്‍ നിര്‍ണായകഘട്ടത്തിലാണ്. റോഡില്‍ വീണുകിടന്ന മണ്ണില്‍ 98ശതമാനവും നീക്കം ചെയ്തതായും ട്രക്ക് കണ്ടെത്താനായില്ലെന്നുമാണ് കര്‍ണാടക റവന്യൂമന്ത്രി പറഞ്ഞത്. ഇനിയുള്ള സാധ്യത ഗംഗാവതി പുഴയിലെ മണ്‍കൂനയിലാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഗംഗാവതിയിലേക്ക് ട്രക്ക് നീങ്ങാനുള്ള സാധ്യതയില്ലെന്നും വെള്ളത്തിനുള്ളില്‍ മൊബൈല്‍ റിങ് ചെയ്യില്ലന്നും രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേലിയും ലോറി ഉടമ മനാഫും പറയുന്നു.