മൊബൈല്‍ റിങ് ചെയ്‌തതുകൊണ്ട് അര്‍ജുന്‍ മണ്ണില്‍ തന്നെയാണ് ഉളളതെന്നാണ് കരുതുന്നതെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേലി. വെള്ളത്തിലാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും മൊബൈല്‍ വര്‍ക്ക് ചെയ്യില്ല. മണ്ണിനുള്ളില്‍ ഹെവി ഹിറ്റാച്ചി ഉപയോഗിച്ചുപോലും അനക്കാനാവാത്ത പാറകളുണ്ട്. ട്രക്കുകളെ പോലും തകര്‍ക്കുന്ന തരത്തിലുള്ള പാറകളാണ് ഈ ഭാഗത്തെല്ലാം കാണുന്നത്. കാലാവസ്ഥയാണ് എല്ലാ പ്ലാനുകള്‍ക്കും പ്രതികൂലമാകുന്നതെന്നും ഇദ്ദേഹം പറയുന്നു. മൊബൈല്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ നോക്കുമ്പോള്‍ ട്രക്കും അര്‍ജുനും പുഴയിലേക്ക് പോയിരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇവരുടെ നിഗമനം.
മണ്ണ് നീക്കുംതോറും ചെളി വന്നടിയുകാണ്.അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണിത്. ഭക്ഷണം കഴിക്കാതെയും കുടിക്കാതെയും ഡീപ് ആയിട്ടുള്ള തിരച്ചിലാണ് നടത്തുന്നത്. ട്രക്കിനെ പോലും തകര്‍ക്കുന്ന തരത്തിലുള്ള പാറകളാണ് മണ്ണിനടിയില്‍ കാണുന്നതെന്നും രഞ്ജിത് പറയുന്നു. ട്രക്കിന്റെ ലൊക്കേഷന്‍ കണ്ട ഭാഗത്തുള്ള മണ്ണെല്ലാം നീക്കിക്കഴിഞ്ഞു. ഇന്നുരാവിലെ മുതല്‍ ഷിരൂരില്‍ കനത്ത മഴയാണ് പെയ്യുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് കാലാവസ്ഥ സൃഷ്ടിക്കുന്നത്.
അതേസമയം ഇനി നീക്കാനുള്ള റോഡിനു വശത്തെ മണ്ണിനടിയില്‍ ട്രക്കോ അര്‍ജുനോ ഉണ്ടാവാനുളള സാധ്യതയില്ലെന്നാണ് കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണഭൈരഗൗഡ വ്യക്തമാക്കിയത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് കനത്തമഴയാണ് പ്രദേശത്ത് ഉണ്ടായത്. കുത്തിയൊലിച്ചാണ് വെള്ളം കുന്നിന്‍മുകളില്‍നിന്നും തൊട്ടടുത്ത ഗംഗാവതി പുഴയിലേക്ക് ഒഴുകിയത്.ആ പ്രദേശത്തു തന്നെയാണ് ഒരു ചായക്കടയും ഉണ്ടായിരുന്നത്. അവിടെ നിര്‍ത്തിയിട്ട വണ്ടികളെല്ലാം മണ്ണിന്റേയും കുത്തിയൊലിച്ച വെള്ളത്തിന്റേയും ശക്തിയില്‍ ഒരുപക്ഷേ പുഴയിലേക്ക് ഒഴുകിപ്പോവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് മന്ത്രി പറഞ്ഞുവച്ചത്.