വയനാട് പുനരധിവാസത്തിനായി കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി പ്രതികരിക്കില്ല. ഹൈക്കോടതി നിര്‍ദേശം കാത്തിരിക്കാനാണ് തീരുമാനം. കടുത്ത നടപടികള്‍ ഒഴിവാക്കിക്കൊണ്ട് രാഷ്ട്രീയമായി വിഷയം ഉയര്‍ത്തുകയും ചെയ്യും. കേന്ദ്രത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സഹായം വൈകും തോറും വയനാട് പുനരധിവാസം വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ പിടിവള്ളി. കോടതി പറയുന്നത് കേരളത്തിന് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ് റായിയുടെ കത്ത് കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതാണ്. ദുരന്തനിവാരണം സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് പറഞ്ഞാണ് കത്തു തുടങ്ങുന്നതു തന്നെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക നിലനിലനില്‍ക്കുന്ന നിയമപ്രകാരം സാധ്യമല്ല. സംസ്ഥാനത്തിന്‍റെ കൈവശമുള്ള പണം പുനരധിവാസത്തിന് ഉപയോഗിക്കണം, 291 കോടി കേന്ദ്രം തന്നില്ലേ എന്ന ചോദ്യവും മന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. തീവ്രപ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നതിനെ കുറിച്ചോ പ്രത്യേക പാക്കേജിനെ കുറിച്ചോ മന്ത്രി ഒരു ഉറപ്പും നല്‍കിയിട്ടില്ല, നല്‍കില്ലെന്നും പറഞ്ഞിട്ടില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ പിണക്കാനാകില്ല. അതേ സമയം പ്രതിപക്ഷം ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുന്നതിനാല്‍ നോക്കിയിരിക്കാനുമാകില്ല. പ്രാദേശികമായ പ്രതിഷേധങ്ങള്‍, ഏതാനും പ്രസ്താവനകള്‍ എന്നിവയില്‍ തല്‍ക്കാലം പ്രതിഷേധവും അമര്‍ഷവും ഒതുക്കും. ഏതാനും ആഴ്ചകൂടി കാത്തിരുന്ന ശേഷം കോടതിവിധിയും കണക്കിലെടുത്താവും തുടര്‍നീക്കങ്ങള്‍.
അതേ സമയം ചൂരല്‍മല ഉരുള്‍പൊട്ടല്‍ തീവ്രദുരന്തമായി പ്രഖ്യാപിക്കാന്‍ തടസമെന്തെന്ന് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍. 2018 പ്രളയം തീവ്രദുരന്തമായി പ്രഖ്യാപിച്ച കേന്ദ്രം 600 കോടി രൂപ അധികമായി അനുവദിച്ചിരുന്നു. അതേസമയം വരള്‍ച്ചയ്ക്കും പ്രളയത്തിനും അധിക ധനസഹായത്തിനായി തമിഴ്നാടിനും കര്‍ണടാകയ്ക്കും നടത്തേണ്ടിവന്നത് സുപ്രീംകോടതിവരെ നീണ്ട പോരാട്ടമാണ്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ തീവ്രദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 17 നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് കത്തയച്ചത്. അതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച മന്ത്രിതല സമിതി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മൂന്നുമാസം പിന്നിട്ടിട്ടും മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചുവരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2018 ലെ പ്രളയം തീവ്രദുരന്തമായി പ്രഖ്യാപിച്ച കേന്ദ്രം രണ്ടുതവണയായി 600 കോടിയാണ് നല്‍കിയത്. അതേ മാനദണ്ഡം ചൂരല്‍മല ദുരന്തത്തിലും സ്വീകരിക്കാമെന്നിരിക്കെ അതിന് തയാറാവാത്തത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.