അര്‍ജുനും വാഹനവും കരയിലില്ലെന്ന് വരുത്തേണ്ടത് ആരുടെയൊക്കെയോ അഭിമാനപ്രശ്നമായിരുന്നോ എന്ന  സംശയമുണ്ടെന്ന് അമ്മ ഷീല . അഭിമാനത്തോടെ കണ്ട സൈന്യം പോലും ഉപകരണങ്ങളൊന്നും ഇല്ലാതെ വന്നതില്‍ അങ്ങേയറ്റം വേദനയുണ്ട്. സൈന്യത്തിന്റെ വരവ് പോലും പ്രഹസനമായി തോന്നിയെന്നും അമ്മ പറയുന്നു. ഒരു തവണ കര്‍ണാടക ഉദ്യോഗസ്ഥര്‍ ഞങ്ങളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ കൃത്യമായി അറിയിക്കാമെന്ന് പറഞ്ഞു , തിരച്ചില്‍ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചുതന്നു, പിന്നാലെ അവര്‍ തന്നെ അത് ഡിലീറ്റ് ചെയ്തു. പിന്നീട് യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും അമ്മ പറയുന്നു. 

 കാണാതായ മകൻ അർജുനെ ഇനി  ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നും  അമ്മ ഷീല നെഞ്ചുപൊട്ടി പറയുന്നു. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. സൈന്യത്തിലും കേന്ദ്രത്തിലുമുള്ള പ്രതീക്ഷയും വിശ്വാസവും എല്ലാം നഷ്ടപ്പെട്ടെന്നും അമ്മ പറഞ്ഞു. 

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ നാളെ വിശദ പരിശോധന നടക്കും. തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുമെന്ന് പറഞ്ഞിരുന്ന സൈന്യം മടങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്നല്‍ കണ്ടെത്തി. ട്രക്ക് പുഴയിലേക്ക് പതിച്ചിരിക്കാം. നാവിക സേന ഇക്കാര്യം പരിശോധിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 

പുഴയിലെ തിരച്ചില്‍ ആധുനിക സംവിധാനങ്ങളോടെ വേണമെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആവശ്യപ്പെടുന്നു. സൈന്യത്തിന്റെ സേവനത്തില്‍ തൃപ്തിയുണ്ട് പുഴയുടെ തീരത്തുള്ള മണ്ണ് നീക്കണം. എന്റെ കുട്ടിയുടെ അച്ഛനെ എനിക്കുവേണം. ഞങ്ങള്‍ക്ക് നീതികിട്ടണം, അവസാനമായെങ്കിലും അര്‍ജുനെ ഒരു നിമിഷമെങ്കിലും കാണണമെന്നും കൗണ്ടര്‍ പോയിന്റില്‍ വിതുമ്പലോടെ കൃഷ്ണപ്രിയ പറഞ്ഞു. 

അതേസമയം , അര്‍ജുനെ കണ്ടെത്താന്‍ പുഴയില്‍ ഡ്രഡ്ജിങ് വേണമെന്ന് രക്ഷാപ്രവര്‍ത്തകന്‍ ര‍ഞ്ജിത്ത് ഇസ്രയേല്‍ ആവശ്യപ്പെട്ടു. തിരച്ചില്‍ തുടരും. നാളെ പുഴയോട് ചേർന്നുള്ള മണ്ണ് നീക്കുകയും പുഴയിൽ ഇറങ്ങിയുള്ള തിരച്ചിലുമാണ് വേണ്ടത്. ഡ്രഡ്ജിങ് സാമ്പത്തിക ചിലവുള്ള കാര്യമായതിനാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. രാത്രി ജില്ലാ ഭരണ കൂടവുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നും രഞ്ജിത് മാധ്യമങ്ങളോടു പറഞ്ഞു.

Arjun’s Mother Sheela has a doubt that it was someone's pride to make Arjun and the vehicle not on the land:

Arjun’s Mother Sheela has a doubt that it was someone's pride to make Arjun and the vehicle not on the land. It is extremely painful that even the army, which was seen with pride, came without any equipment.