ജമ്മു കശ്മിരിലെ രജൗറിയിൽ ശൗര്യചക്ര ജേതാവിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം. തടയാൻ ശ്രമിച്ച സൈനികർക്കുനേരെയും വെടിവയ്പ്. ഭീകരാക്രമണത്തിൽ ഒരു കരസേനാംഗത്തിന് പരുക്കേറ്റു.
നുഴഞ്ഞുകയറിയെത്തിയ ഒരു ഭീകരനെ വധിച്ചതിന് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞവർഷം ശൗര്യചക്ര പുരസ്കാരം നൽകിയ വില്ലേജ് ഡിഫൻസ് കൗൺസിൽ അംഗം പർഷോതം കുമാറിനെ ലക്ഷ്യമിട്ടാണ് ഭീകരരെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ പർഷോത്തമിന്റെ വീടിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർത്തു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന സൈനിക ചെക്പോസ്റ്റിനുനേരെയും ഭീകരർ വെടിയുതിർത്തു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനത്തിലേക്ക് പിൻവാങ്ങി. പർഷോതം കുമാറിനുനേരെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാൽ സുരക്ഷാസേന ജാഗ്രതയിലായിരുന്നു. മൂന്ന് ഭീകരരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ജമ്മു കശ്മീരിൽ പ്രത്യേകിച്ച്, ജമ്മു മേഖലയിൽ വ്യാപകമായി ഭീകരാക്രമണങ്ങളുണ്ടായതിന് പിന്നാലെ കരസേന മേധാവി ജമ്മുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബിഎസ്എഫും ഇന്നലെ യോഗം ചേർന്നു.