ഗംഗാവലി നദിയിലെ ചെളി നീക്കാന്‍ സുപ്രധാന നീക്കം. ചെളി നീക്കാന്‍ യന്ത്രമെത്തി. ഇറ്റാച്ചി 200 ബീമര്‍ എത്തിച്ചു. 60 അടിയോളം നീളത്തില്‍ പുഴയിലെ ചെളി നീക്കം ചെയ്യും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായി എട്ടാം ദിവസവും അർജുനെക്കുറിച്ച് വിവരങ്ങളില്ല. ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് തിരഞ്ഞെങ്കിലും അര്‍ജുന്‍ ഓടിച്ച ലോറി കാണാമറയത്തു തന്നെ. മഴ ശക്തമായതോടെ പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. സന്നദ്ധപ്രവത്തകരെ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ അനുവദിച്ചില്ല.
നദിയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെ ഗംഗാവലി നദി കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. ഇന്നലെ സിഗ്നൽ ലഭിച്ച സ്ഥലത്തും പുഴയിലും ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം പരിശോധന നടത്തി. വലിയ അടിയൊഴുക്കുള്ള പുഴയിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ലോറിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. മഴ ശക്തമായതോടെ നാലോടെ പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന ബോറിങ് യന്ത്രം ഉപയോഗിച്ച് തിരച്ചിൽ തുടരും.
അപകട ദിവസത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ ഒന്നും ലഭിച്ചില്ല. എട്ടാം ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്ത് അടക്കം കേരളത്തിൽ എത്തിയ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയില്ല. കരസേനയും നാവികസേനയും എൻഡിആർഎഫ് ചേർന്നായിരുന്നു ഇന്നത്തെ തിരച്ചിൽ.