റെക്കോര്‍ഡ് ബജറ്റ് അവതരണത്തിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത് മംഗള്‍ഗിരി സില്‍ക്ക് സാരിയില്‍. വെള്ള സില്‍ക്കില്‍ മജന്ത മുന്താണിയും മുന്താണിയിലും ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്കുമാണുള്ളത്. സാരിയിലാകെ ബീയ്ജ് സ്ട്രിപുകളും നിറഞ്ഞതാണ് സാരി. ഗുണ്ടൂരില്‍ നിന്നുള്ള സാരി തിരഞ്ഞെടുത്തതും ആന്ധ്രയോടുള്ള പ്രത്യേക പരിഗണനയാണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സാരിയുടെ ബോഡി പാര്‍ട്ടിലെങ്ങും നെയ്ത ഡിസൈനുകളുണ്ടാവില്ലെന്നതാണ് സാധാരണയായുള്ള മംഗള്‍ഗിരി സാരികളുടെ പ്രത്യേകത. ആദ്യ ബജറ്റ് അവതരണത്തിനും നിര്‍മല മംഗള്‍ഗിരി സാരി തന്നെയാണ് തിരഞ്ഞെടുത്തത്. കടും പിങ്കില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ളതായിരുന്നു 2019ലെ ബജറ്റ് അവതരണത്തിന് ഉടുത്തത്. കുഴിത്തറിയില്‍ സങ്കീര്‍ണമായ പ്രക്രിയയിലൂടെ നെയ്തെടുക്കുന്ന സാരിക്ക് 1999ല്‍ ജി.ഐ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെത്തിയതാവട്ടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയില്‍. സ്വദേശി വസ്ത്രത്തിന്‍റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേര്‍ത്തിരുന്നത്. രാജ്യത്തെ മല്‍സ്യബന്ധന മേഖലയിലെ പുരോഗതിയെയും മല്‍സ്യമേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്ന് ന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2,584 കോടിരൂപയാണ് 2024–25 സാമ്പത്തിക വര്‍ഷത്തേക്ക് മല്‍സ്യമേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെക്കാള്‍ 15ശതമാനം കൂടുതലാണിത്. ബജറ്റിന് പിന്നാലെ ടസറിലുള്ള കാന്താ വര്‍ക്കിന്‍റെ ജനപ്രീതിയും കുതിച്ചുയര്‍ന്നു.
2023ല്‍ കര്‍ണാടകയിലെ ദര്‍വാഡില്‍ നിന്നെത്തിച്ച പരമ്പരാഗത ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പ് സാരിയാണ് ധനമന്ത്രി ധരിച്ചത്. കൈകൊണ്ട് നെയ്തെടുത്തതായിരുന്നു സാരി. കസുതി വര്‍ക്കിലാകെ രഥങ്ങളും മയിലുകളും താമരയും നിറഞ്ഞിരുന്നു.
2022 ല്‍ ഒഡിഷയിലെ ഗഞ്ചാമില്‍ നിന്നുള്ള ബ്രൗണ്‍ ബൊമകായ് സാരിയാണ് നിര്‍മല തിരഞ്ഞെടുത്തത്. ഗഞ്ചാമിലെ കൈത്തറിത്തൊഴിലാളികള്‍ക്കുള്ള ആദരം കൂടിയായി അത് ബജറ്റിലെ സ്റ്റൈല്‍ മാറി.
2021 ല്‍ ഹൈദരാബാദിലെ പോച്ചംപള്ളിയില്‍ നെയ്തെടുത്ത ഓഫ് വൈറ്റ് സാരിയിലായിരുന്നു ബജറ്റ് അവതരണം. 2020ല്‍ മഞ്ഞ സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം. അതേ നിറത്തിലെ തന്നെ ബ്ലൗസും. രാജ്യത്തിന്‍റെ പ്രൗഢമായ സംസ്കാരത്തെയും സമ്പത്തിനെയും ദ്യോതിപ്പിക്കുന്നതായിരുന്നു മഞ്ഞ നിറം.