2025 ലെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. വലിയ തിരഞ്ഞെടുപ്പുകള്‍ നടക്കാനില്ലാത്തതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ക്കായിരിക്കും മുന്‍തൂക്കം എന്നാണ് വിലയിരുത്തല്‍.
2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ബജറ്റ് ആയിരിക്കും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും പണപ്പെരുപ്പവും വിലക്കയറ്റവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടും ഉള്ള പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിര്‍മാണ മേഖലയ്ക്കും കൃഷി, സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയവയ്ക്കുമായിരിക്കും കൂടുതല്‍ പരിഗണന.
വിവിധ മേഖലകളില്‍ എ.ഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉതകും വിധത്തിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. എ.ഐ ദുരുപയോഗം തടയാനും സൈബര്‍ സുരക്ഷയ്ക്കും ഉള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. ബഹിരാകാശ ഗവേഷണത്തിനും കാര്യമായ നീക്കിയിരുപ്പ് ഉണ്ടാകും എന്നുറപ്പ്. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കൂടുതല്‍ സബ്സിഡികള്‍ക്കും സാധ്യതയുണ്ട്.
ബജറ്റില്‍ കാര്യമായ പരിഗണന ലഭിക്കാവുന്ന മറ്റൊന്ന് വിദ്യാഭ്യാസ മേഖലയാണ്. വിദ്യാര്‍ഥി വായ്പകള്‍ ഉദാരമാക്കുകയും നൈപുണ്യ വികസനത്തിന് പദ്ധതികളും പ്രതീക്ഷിക്കാം ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. റെയില്‍വെയ്ക്ക് 15– 20 ശതമാനം അധികനീക്കിയിരുപ്പ് ഉണ്ടാകുമെന്നും കരുതുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിഹാറിന് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. സഖ്യകക്ഷിയായ ടിഡി.പി. ഭരിക്കുന്ന ആന്ധ്രയ്ക്കും കഴിഞ്ഞ തവണത്തേതിന് സമാനമായ പരിഗണന ലഭിക്കും.