നാളെ നിര്‍ണായക ദിവസമെന്ന് ഉത്തരകന്നഡ എസ്.പി. എം.നാരായണ മനോരമ ന്യൂസിനോട്. റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുംവരെ ആരെയും സ്ഥലത്തേക്ക് കടത്തിവിടില്ല. ലോറി നാളെ വീണ്ടെടുക്കാനാവുമെന്ന് കാര്‍വാര്‍ എംഎല്‍എ. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ എത്തിക്കും. മഴ കനത്താല്‍മാത്രം രാത്രിയില്‍ ദൗത്യം അവസാനിപ്പിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവാണ് ഇന്ന് ഉണ്ടായത്. ഒന്‍പതാംദിനത്തിലെ തിരച്ചിലില്‍ ലോറി കണ്ടെത്തി. ഗംഗാവലി പുഴയില്‍നിന്ന് 20 മീറ്റര്‍ അകലെയായി കരയ്ക്കും മണ്ണുകൂനയ്ക്കും ഇടയിലാണ് ലോറിയുള്ളത്. ലോറി വീണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയും കാറ്റും ഷിരൂരില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയില്‍ ഇറങ്ങി പരിശോധന നടത്താനായില്ല. മഴ മാറുന്നതനുസരിച്ച് പുഴയിലിറങ്ങി സംഘം പരിശോധന നടത്തും.
ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ച് പുഴയുടെ തീരത്തോടുചേര്‍ന്ന ഭാഗം കേന്ദ്രീകരിച്ച് പകല്‍ മുഴുവന്‍ നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. പുഴയില്‍ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് കര്‍ണാടക റവന്യുമന്ത്രി കൃഷ്ണ ബൈര എക്സ് പോസ്റ്റിലൂടെയാണ് ആദ്യം അറിയിച്ചത്. ലോറി അര്‍ജുന്റേതാണെന്ന് കാര്‍വാര്‍ എസ്.പി. പിന്നീട് സ്ഥിരീകരിച്ചു. ലോറി നദിയില്‍ ഉറപ്പിച്ച് നിര്‍ത്തിയതിന് ശേഷം ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന രാത്രിയിലും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീശ് സെയില്‍. മഴ കനത്താല്‍മാത്രം രാത്രിയില്‍ ദൗത്യം അവസാനിപ്പിക്കും. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ നാളെയെത്തുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ തിരച്ചില്‍ തുടരണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടെന്ന് സച്ചിന്‍ദേവ് എം.എല്‍.എ. പുഴയില്‍ ബോട്ട് മുന്നോട്ടുപോകാന്‍ കഴിയാത്തവിധം ഒഴുക്കുണ്ടെന്നും സച്ചിന്‍ദേവ് പറഞ്ഞു.