നീറ്റ് പരീക്ഷയിൽ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് റദ്ദാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് റാങ്ക് ലിസ്റ്റ് ഭേദഗതി ചെയ്യാൻ ദേശീയ പരീക്ഷ ഏജൻസി. ഇതോടെ പ്രവേശന നടപടികളിലും കാലതാമസം നേരിടും. നാല് ലക്ഷത്തോളം വിദ്യാർഥികളുടെ 5 മാർക്ക് വീതം റദ്ദാക്കിയാണ് റാങ്ക് ലിസ്റ്റ് പുതുക്കുക.
നീറ്റ് പരീക്ഷയിലെ 19ആം ചോദ്യത്തിന് വ്യത്യസ്തമായ രണ്ട് ഓപ്ഷനുകൾ ശരിയുത്തരമായി രേഖപ്പെടുത്തിയവർക്കും മാർക്ക് നൽകിയിരുന്നു. ഇക്കാര്യം ഹർജിക്കാർ ചോദ്യം ചെയ്തപ്പോൾ എൻസിഇആർടിയുടെ പഴയ സിലബസ് അനുസരിച്ച് ഒരു ഉത്തരവും പുതിയ സിലബസ് അനുസരിച്ച് മറ്റൊരു ഉത്തരവും ശരിയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. സുപ്രീംകോടതി നിർദ്ദേശപ്രകാരം ഡൽഹി ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ ഓപ്ഷൻ നാലാണ് ശരിയുത്തരമെന്ന് വ്യക്തമാക്കി. തുടർന്നാണ് ഓപ്ഷൻ നാലിന് മാത്രം മാർക്ക് നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചത്.
ഓപ്ഷൻ രണ്ട് ഉത്തരമായി രേഖപ്പെടുത്തിയ നാല് ലക്ഷത്തോളം വിദ്യാർഥികൾക്ക് അഞ്ചു മാർക്ക് നഷ്ടപ്പെടും. ഇവർക്ക് നെഗറ്റീവ് മാർക്ക് നൽകേണ്ടതില്ലെന്നാണ് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടത്.
കോടതി നിർദ്ദേശമനുസരിച്ച് മാർക്ക് പുനർ നിശ്ചയിക്കുമ്പോൾ നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും മാറ്റം വരും. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയ്യാറാക്കിയ ശേഷമേ ദേശീയ പരീക്ഷ ഏജൻസിക്ക് പ്രവേശന നടപടികൾ ആരംഭിക്കാനാകുകയുള്ളൂ.
ഇന്ന് കൗൺസിലിംഗ് ആരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച പരീക്ഷ ഏജൻസി സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. മെഡിക്കൽ കോളജുകളോട് സീറ്റ് വിശദാംശങ്ങൾ അറിയിക്കാനും നിർദ്ദേശം നൽകിയിരുന്നു. ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ചിരുന്ന ഒന്നാം സെമസ്റ്റർ മെഡിക്കൽ അധ്യയനം പ്രവേശന നടപടികൾ വൈകിയാൽ ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്.