ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരത്തിന് സിഡ്നിയില്‍ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായി. നാല് റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍.രാഹുലും (4) കഴിഞ്ഞ മല്‍സരത്തിലെ ടോപ് സ്കോററായ യശസ്വി ജയ്സ്വാളു(10)മാണ് പുറത്തായത്. അഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് കെ.എല്‍ രാഹുലിനെ പുറത്താക്കിയത്. സ്കോട് ബോളണ്ടിന് മുന്നില്‍ യശസ്വിയും വീണു.
ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. പെര്‍ത്ത് ടെസ്റ്റില്‍ ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഓസീസിനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.
പരമ്പരയില്‍ നിലവില്‍ 2–1ന് ഓസീസ് മുന്നിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ സജീവമാക്കുന്നതിനായും നാണക്കേട് ഒഴിവാക്കാനായും സിഡ്നിയിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. സിഡ്നി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. മുന്‍നിര ബാറ്റര്‍മാരും മുതിര്‍ന്ന താരങ്ങളും ഫോമിലല്ലാത്തതാണ് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി. മെല്‍ബണിലെ പരാജയത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. നാട്ടില്‍ വച്ച് നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ 3–0ത്തിന് തോല്‍പ്പിച്ചിരുന്നു. സിഡ്നിയിലും തകര്‍ച്ച തുടര്‍ന്നാല്‍ കോച്ചടക്കമുള്ളവര്‍ ടീമിന് പുറത്തുപോയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.