ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴെയായാണ് അര്‍ജുന്‍റെ ട്രക്ക് കിടക്കുന്നത്. ഇന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കനത്തമഴയും നദിയിലെ കുത്തൊഴുക്കും കാരണം ഇന്നലെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്നത്തെ തിരച്ചിലിന്‍റെ പൂര്‍ണ ഉത്തരവാദിത്തം മലയാളിയായ പാലക്കാട് സ്വദേശി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലനാണ്. ഉത്തര കർണാടക ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരമാണ് അദ്ദേഹം എത്തിയത്. അദ്ദേഹം ഇന്നലെ വൈകിട്ടോടെ ഷിരൂരിലെത്തി. ഒരു മലയാളിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചില്‍ എന്നത് കൂടുതല്‍ ആശ്വാസമേകുന്നു.
വാഹനം കിടക്കുന്ന കൃത്യസ്ഥലവും വാഹനത്തിനു മുകളില്‍ എത്രത്തോളം മണ്ണുണ്ടെന്ന് മനസിലാക്കുക എന്നതാണ് ആദ്യനടപടിയെന്ന് ഇന്ദ്രബാലന്‍ അറിയിച്ചു.ഇന്നലെ ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തുടര്‍ പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ക്ക് കഴിയുന്ന വിധം നമ്മളെ സഹായിച്ചിട്ടുണ്ട്. ലോറി ഉണ്ടെന്ന് കണ്ടെത്തിയത് നല്ലൊരു തുടക്കമാണ് എന്നും ഇന്ദ്രബാലന്‍ പറഞ്ഞു. മഴ ആയതിനാല്‍ ബാറ്ററി വരാന്‍ അല്പം വൈകും. ബാറ്ററി വന്നാലുടന്‍ ലോഞ്ച് ചെയ്യും. പതിനൊന്നരയോടെ ഡ്രോണ്‍ പരിശോധന തുടങ്ങാനാകും. ഡ്രോണ്‍ ഉപയോഗിക്കാനായാല്‍ എളുപ്പം റിസള്‍ട്ട് കിട്ടുമെന്നും ഇന്ദ്രബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് വാഹനത്തിന്‍റെ പൊസിഷന്‍ മനസിലാക്കുക. 20 മീറ്റര്‍ ആഴത്തില്‍ വരെയുള്ള വസ്തുക്കളെ കൃത്യമായി കാണാന്‍ സാധിക്കുന്ന ‘ഐബോർഡ്’ എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചിൽ. കരയിലും വെള്ളത്തിലും ഈ സംവിധാനം ഉപയോഗിക്കാനാകും. വാഹനത്തിന്‍റെ സ്ഥലം മനസിലാക്കിയാല്‍ വാഹത്തിനടുത്തേയ്ക്ക് എത്തിച്ചേരുന്ന വിധം റോഡിലെ മണ്ണ് നീക്കി പാതയുണ്ടാക്കും. മലയാളി തിരച്ചിലിന്‍റെ ഭാഗമാണെന്നുള്ളതും കൂടുതല്‍ പ്രതീക്ഷയേകുന്നു.