ഇന്നലെ നടന്ന തിരച്ചിലില്‍ നിന്ന്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പത്താം ദിനത്തിലേക്ക് കടക്കുമ്പോള്‍ മഴ മാറിനില്‍ക്കുന്നത് ആശ്വാസകരം. ഷിരൂരില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നിലവില്‍ മഴയില്ലാത്തത് ആശ്വാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് സഹായകരമാകും.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. ഇന്നത്തെ പരിശോധനയ്ക്കായി ഡ്രോണുകള്‍ എത്തിക്കും. ആഴങ്ങളില്‍വീണ വസ്തുക്കള്‍ കണ്ടെത്താനുള്ള റഡാര്‍ പരിശോധനയാണ് പ്രധാനം. വാഹനം കിടക്കുന്നത് എങ്ങനെയെന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കും. പരിശോധന പൂര്‍ത്തിയാകുംവരെ ആരെയും സ്ഥലത്തേക്ക് കടത്തിവിടില്ല.

അപകടസ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ട്രക്കിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നലെ ട്രക്ക് കണ്ടെത്തിയെങ്കിലും പ്രതികൂലമായ കാലാവസ്ഥയിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധന നടത്താൻ സാധിച്ചില്ല. ക്യാബിനിനുള്ളിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തിയ ശേഷമാകും ട്രക്ക് പുറത്തെത്തിക്കുക. ഡ്രോണുകൾ അടക്കം കൂടുതൽ സംവിധാനങ്ങൾ ഇന്ന് തിരച്ചിലിനായി ഉപയോഗിക്കും. ബൂം മണ്ണുമാന്തിയന്ത്രത്തിന്റെ  സഹായത്തോടെയാണ് മണ്ണ് മാറ്റി പരിശോധന നടത്തുക. 

അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലാണ്  ലോറിയുള്ളത് എന്നാണ് വിവരം. അതേസമയം കനത്ത മഴയും കാറ്റും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ‌മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാനായില്ല, ജലനിരപ്പും വെല്ലുവിളിയാണ്. 

ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇതോടെ തീവ്രമാക്കിയെങ്കിലും കാലാവസ്ഥ വലിയ തടസം സൃഷ്ടിക്കുകയാണ്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവികസേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം അവര്‍ക്ക് മുന്നോട്ടുപോകാനായില്ല.

കനത്ത മഴയില്‍ ഗംഗാവലി പുഴ കുത്തിയൊഴുകുകയാണ്. നല്ല അടിയൊഴുക്കുള്ള പ്രദേശം കൂടിയാണിതെന്ന് സമീപവാസികള്‍ പറയുന്നു. അത്യാധുനിക ഉപകരണങ്ങളുമായാണ് നാവികസേനാംഗങ്ങള്‍ റബര്‍ ബോട്ടുകളില്‍ പുഴയിലേക്ക് ഇറങ്ങിയതെങ്കിലും ദൗത്യം കാലാവസ്ഥ വിലങ്ങുതടിയായി. പുഴയ്ക്ക് മുപ്പതടിയോളം ആഴമുണ്ട്. പരിശീലനം സിദ്ധിച്ച ഡൈവര്‍മാരാണെങ്കിലും ഈ സാഹചര്യത്തില്‍ ആഴത്തില്‍ ഇറങ്ങി പരിശോധിക്കുക വെല്ലുവിളിയാണ്.

ENGLISH SUMMARY:

As the search for Arjun, who went missing in a landslide in Shirur, entered the 10th day, it was a relief that the rain had stopped. Reports suggest that favorable weather will help the search.