ഗംഗാവലി പുഴയില്‍ മുങ്ങിത്തിരച്ചില്‍ സാധ്യമാകണമെങ്കില്‍ അടിയൊഴുക്കിന്റെ ശക്തി കുറയണമെന്ന് ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍പിള്ള പറഞ്ഞു. ഇടിഞ്ഞ മണ്ണ് അടക്കം ഇപ്പോഴും പുഴയിലേക്ക് ഒഴുകിയിറങ്ങുന്നത് വെല്ലുവിളിയെന്നും കമാന്‍ഡര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും അടിയൊഴുക്കുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി എന്ന് എംകെ രാഘവൻ എം.പി മനോരമ ന്യൂസിനോട്. ഈ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധന നടത്താനാകില്ല. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരുമെന്നും എം.കെ രാഘവൻ പറഞ്ഞു.
ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോ എന്ന കാര്യത്തിൽ ഇന്ന് സ്ഥിരീകരണം ഉണ്ടാകുമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ മനോരമ ന്യൂസ്. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങി പരിശോധന നടത്തുക ദുഷ്കരമാണ്. ഡ്രോൺ പരിശോധനയിൽ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എകെഎം അഷ്‌റഫ് പറഞ്ഞു.
അതിനിടെ ഷിരൂരില്‍ ഗംഗാവലി പുഴപ്പരപ്പില്‍ നാവികസേന ബോട്ടില്‍ പരിശോധന നടത്തുന്നു. ഡൈവിങ് സംഘത്തിനിറങ്ങാന്‍ സാഹചര്യം അനുകൂലമാണോ എന്ന് വിലയിരുത്തും. അര്‍ജുന്‍റെ ലോറി കണ്ടെത്തിയ ഭാഗത്താണ് പരിശോധന. പുഴയില്‍ അടിയൊഴുക്ക് ഇന്നലത്തെപ്പോലെ ശക്തമാണ്. തിരച്ചിലിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനാണ് ശ്രമം. ബൂം യന്ത്രം ഉപയോഗിച്ച് പുഴയുടെ തീരത്തെ മണ്ണ് നീക്കും. റാംപ് നിര്‍മിച്ച് വാഹനങ്ങളില്‍ യന്ത്രങ്ങള്‍ എത്തിക്കാനാണ് നീക്കം.