ഗുജറാത്തില്‍ മഴക്കെടുതികള്‍ തുടരുന്നു. നദികള്‍ കരകവിഞ്ഞതോടെ താപി ജില്ലയില്‍ പ്രളയസമാന സാഹചര്യമാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ ശക്തമാണ്. മുംബൈയില്‍ ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മിക്കയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുജറാത്തില്‍ പെരുമഴയ്ക്ക് ശമനമില്ല. തെക്കന്‍ ഗുജറാത്തിലെ താപി ജില്ലയില്‍ നദികളും കനാലുകളും കരകവിഞ്ഞു. പ്രളയസമാന സാഹചര്യം. നവ്സാരിയില്‍ പൂര്‍ണ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സൂറത്തിലും മഴക്കെടുകള്‍ തുടരുകയാണ്. അഹമ്മദാബാദ് ഡിവിഷനില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ ഒന്‍പതുപേരാണ് മരിച്ചത്. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ പത്ത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, മുംബൈയില്‍ നാല് ദിവസമായി തുടരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ട്. റായ്‌ഗഡ്, രത്നഗിരി ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മഴ ശക്തമായിരുന്ന പുണെയില്‍ മിക്ക ഇടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ഡല്‍ഹിയില്‍ രാവിലെ പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഉത്താരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇടവിട്ട് മഴ തുടരുകയാണ്.