ഡ്രോണ്‍ പരിശോധനയില്‍ ട്രക്കിന്‍റെ ചിത്രം ലഭിച്ചെന്ന് കാര്‍വാര്‍ എംഎല്‍എ. ചരിഞ്ഞ നിലയിലാണ് ട്രക്കെന്ന് സതീഷ് കൃഷ്ണ മനോരമ ന്യൂസിനോട് പറഞ്ഞു. റഡാര്‍, സോണാര്‍ സിഗ്നലുകള്‍ ലഭിച്ച സ്ഥലത്ത് നിന്നാണ് ട്രക്ക് കണ്ടെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഷിരൂരില്‍ മൂന്നാമത് ലഭിച്ച സിഗ്നല്‍ ട്രക്കിന്‍റേതെന്ന് ഉത്തര കന്നഡ കലക്ടര്‍ പറഞ്ഞു.  ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴമധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തിരച്ചില്‍ തുടരും. പ്ലാറ്റ്ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെന്നും കലക്ടര്‍. 

പുഴയില്‍ ശക്തമായ അടിയൊഴുക്കാണുള്ളത്. എട്ട് നോട്സ് വരെയെത്തി. ഡ്രഡ്ജിങ് നിലവില്‍ സാധ്യമല്ലെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.  ഷിരൂര്‍ ദൗത്യം പ്രതിസന്ധികളിലും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗശേഷം പറ‍ഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും മന്ത്രി.  

പ്രതിസന്ധികള്‍ക്ക് നടുവില്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം കുത്തിയൊലിക്കുയാണ് ഗംഗാവാലിപ്പുഴ. അടിയൊഴുക്ക് അതിശക്തമാണ്.  ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവില്‍ നടക്കുന്നത്. പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന പുതിയ സിഗ്നല്‍ കിട്ടിയിട്ടുണ്ട്. 

തിരച്ചിലിന് തടസമായി രാവിലെ മുതല്‍ കനത്ത മഴയാണ്. ഗംഗാവലിപ്പുഴയില്‍  അടിയൊഴുക്ക് എട്ട് നോട്സിന് മുകളിലാണ്. ഒഴുക്ക് മൂന്ന് നോട്സിനുതാഴെയെത്തിയാലേ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ. അതിനായാണ് കാത്തിരിപ്പ്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ഒാറഞ്ച് അലര്‍ട്ടാണ്. ഇടക്കിടെ മഴ ശക്തിപ്രാപിക്കുന്നുണ്ട്. പുഴയിലെ ഒഴുക്കിനും കലങ്ങിയ നിറത്തിനും കുറവില്ല. പതിനൊന്നാം ദിനവും അനിശ്ചിതത്വമാണ്. 

ഏഴുമണിയോടെ സൈനിക സംഘം തിരച്ചിലിനായെത്തിയിരുന്നു. രണ്ട് ബൂം മണ്ണുമാന്തിയന്ത്രങ്ങള്‍ ജോലി തുടങ്ങി. പുഴയുടെ തീരത്തേക്ക് വാഹനങ്ങള്‍ക്കിറങ്ങാനുള്ള വഴിയൊരുക്കലാണ് ഇന്ന് രാവിലെ പ്രധാനമായും നടന്നത്. എട്ടുമണിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. പത്തേകാലോടെ നേവി സംഘം ബോട്ടില്‍ പുഴയിലിറങ്ങി. ലോറി കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ അനുകൂലമായ സാഹചര്യമാണോ എന്നാണ് പ്രധാനമായും നോക്കിയത്.  മുങ്ങല്‍സംഘത്തിലുള്ളത് അതിവിദഗ്ധരെന്ന് ഡിഫന്‍സ് പിആര്‍ഒ മനോരമ ന്യൂസിനോട് പറഞ്ഞു. 

മണ്ണ് നീക്കം ചെയ്ത ഷിരൂര്‍  ദേശീയപാതയിലൂടെ ഇന്നലെ രാത്രി വാഹനങ്ങള്‍ കടത്തിവിട്ടു.  ദേശീയപാത 66 ഭാഗികമായാണ് തുറന്നത്. പകല്‍ തിരച്ചില്‍ സമയത്ത്  വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അര്‍ജുന്‍ എവിടെ എന്ന ചോദ്യത്തിന് പതിനൊന്നാം ദിവസവും ഉത്തരം കിട്ടിയിട്ടില്ല