മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ‘ജയ് ശ്രീറാം’ വിളിക്കുന്നത് ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്നാണ് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ച ബഞ്ച് ചോദിച്ചത്.

2023 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി പത്തുമണിക്കു ശേഷം മസ്ജിദിനുള്ളില്‍ കയറിയ പ്രതികള്‍ ‘ജയ് ശ്രീറാം’ വിളിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മസ്ജിദിനുള്ളില്‍ കയറി ഭീഷണി മുഴക്കിയതിനും കേസെടുത്തിരുന്നു. എന്നാല്‍ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

സംഭവത്തില്‍ ഐപിസി സെക്ഷൻ 295 എ– മതവികാരം വ്രണപ്പെടുത്തല്‍, ഐപിസി 447– അതിക്രമിച്ചു കടക്കല്‍, 506– ഭീഷണിപ്പെടുത്തൽ എന്നിവയുള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സംഭവം നടന്ന കഡബ പൊലീസ് പരിധിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയായിരുന്നു പ്രതികളെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാല്‍ മസ്ജിദ് ഒരു പൊതു സ്ഥലമാണെന്നും അവിടെ പ്രവേശിക്കുന്നത് ക്രിമിനൽ അതിക്രമമായി കണക്കാക്കാനാവില്ലെന്നുമാണ് ഹർജിക്കാർ വാദിച്ചത്.

പരാതിക്കാരന്‍ തന്നെ സ്ഥലത്ത്  ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. എല്ലാ പ്രവൃത്തികളെയും ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തല്‍) കീഴിലെ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്നും ‍ബെഞ്ച് പറഞ്ഞു. ഹർജിക്കാർക്കെതിരായ തുടർ നടപടികൾ നിയമത്തിന്‍റെ ദുരുപയോഗമായി മാറുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Karnataka High Court has dismissed a criminal case against two individuals involved in the incident of shouting "Jai Shri Ram" inside a mosque. The order was issued by a single-judge bench headed by Justice M. Nagaprasanna. The bench questioned how shouting "Jai Shri Ram" could hurt the religious sentiments of a community, which was the argument presented by the defendants in their appeal.