pm-modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് പങ്കെടുത്ത ഏക മുഖ്യമന്ത്രിയായിട്ടും എതിർപ്പുന്നയിക്കാൻ  അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപോയത്. ആസൂത്രണ കമ്മിഷൻ തിരികെ കൊണ്ടുവരണമെന്ന് മമത ആവശ്യപ്പെട്ടു. ബജറ്റിലെ അവഗണന ആരോപിച്ച് പിണറായി വിജയനടക്കം  ഇന്ത്യാ സഖ്യ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചു.

 

കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നും  പ്രധാനമന്ത്രി  അധ്യക്ഷത വഹിക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നുമുള്ള ഇന്ത്യ സഖ്യ തീരുമാനത്തിൽ നിന്ന്  വ്യത്യസ്ത നിലപാട് സ്വീകരിച്ചാണ് മമതാ ബാനർജി യോഗത്തിന് എത്തിയത്. വിയോജിപ്പുകൾ യോഗത്തിൽ നേരിട്ട് അറിയിക്കണം എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ യോഗത്തിൽ ബജറ്റ് വിഹിതത്തിലെ കുറവ് അടക്കം ചൂണ്ടിക്കാട്ടി മമത സംസാരിക്കാൻ ആരംഭിച്ചതോടെ മൈക്ക് ഓഫാക്കി.ക്ഷുഭിതയായ മമത യോഗം ബഹിഷ്കരിച്ച് ഇറങ്ങി. അഞ്ചു മിനിറ്റ് പോലും അനുവദിച്ചില്ലെന്നും പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് ബജറ്റിൽ കാണിച്ചത് വലിയ വിവേചനമാണെന്നും മമത ബാനർജി. 

പിണറായി വിജയൻ അടക്കം 9 മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്കരിച്ചത്. വികസിത് ഭാരത് 2047 വിഷൻ ഡോക്യുമെന്റിന്റെ സമീപന രേഖയിലൂന്നിയാണ് നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ  ചർച്ച പുരോഗമിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യോഗത്തിന് എത്തിയില്ല. പകരം  ഉപമുഖ്യമന്ത്രിമായ  സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരെ അയച്ചു. ബജറ്റിലെ സംസ്ഥാന വിഹിതത്തിന്റെ കാര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു.

PM Modi to chair NITI Aayog's meeting amid boycott by opposition states: