ബലാല്‍സംഗക്കൊലയ്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ ബംഗാള്‍ നിയമസഭ പാസാക്കിയതിന് പിന്നാലെ തൃണമൂല്‍– ബി.ജെ.പി വാക്പോര്. മമത ബാനര്‍ജി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. സ്ത്രീ സുരക്ഷയ്ക്ക് ശക്തമായ നിയമം കൊണ്ടുവരാന്‍ സാധിക്കാത്ത പ്രധാനമന്ത്രിയും ബി.ജെ.പി. മുഖ്യമന്ത്രിമാരും രാജിവയ്ക്കണമെന്ന് മമത തിരിച്ചടിച്ചു.
അപരാജിത ബില്ലിനെ നിയമസഭയില്‍ പിന്തുണച്ചെങ്കിലും മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബി.ജെ.പി. ഉയര്‍ത്തുന്നത്. ആര്‍.ജി. കാര്‍ പീഡനക്കൊലപാതകത്തിലെ ജനരോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. ബലാല്‍സംഗത്തിന് വധശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ കേന്ദ്രനിയമത്തില്‍ത്തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്നും കേന്ദ്രമന്ത്രിയും ംബഗാള്‍ ബി.ജെ.പി. അധ്യക്ഷനുമായ സുകാന്ദ മജുംദാര്‍ പറഞ്ഞു,.
ബില്‍ പാസാക്കിയെങ്കിലും ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി. എം.പി. സുമിത്ര ഖാനും ചോദിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കേന്ദ്രനിയമം പര്യാപ്തമല്ലെന്നു പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി. മുഖ്യമന്ത്രിമാരും രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. മമതയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ പ്രതിഷേധ മാര്‍ച്ചും നടത്തി.