കോടതിമുറിക്കുള്ളില്‍വച്ച് മരുമകനെ വെടിവച്ച് കൊലപ്പെടുത്തിയ ഭാര്യാപിതാവ് അറസ്റ്റിലായി. ചണ്ഡിഗഡിലാണ് സംഭവം. പഞ്ചാബ് പൊലീസിലെ മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലാണ് പ്രതി. കൊല്ലപ്പെട്ട ഹര്‍പ്രീത് സിങ് ഇറിഗേഷന്‍ വകുപ്പില്‍ ഐആര്‍എസ് ഓഫീസറാണ്.
ഇരുവര്‍ക്കുമിടെയിലുള്ള കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനവിഷയവുമായി ബന്ധപ്പെട്ടാണ് ഇരുവരും കോടതിയിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകുടുംബത്തിനും ഇടയിലുള്ള പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത നടക്കുന്നതിനിടെയാണ് സംഭവം. കോടതിമുറിക്കുള്ളില്‍ അഞ്ചു തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
രണ്ട് ബുള്ളറ്റുകള്‍ സിങ്ങിന്റെ ശരീരത്തില്‍ തുളച്ചുകയറിയതാണ് മരണകാരണമായത്. വെടിയേറ്റതിനു പിന്നാലെ ഇയാള്‍ കോടതിമുറിക്കുള്ളില്‍ വീഴുകയായിരുന്നു. സംഭവം കണ്ട ദൃക്സാക്ഷികള്‍ ഒച്ച വച്ചതോടെ അഭിഭാഷകര്‍ ഉള്‍പ്പെടെ ഓടിയെത്തുകയും പ്രതിയെ കോടതിമുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സിങ്ങിന്റെ മരണം സംഭവിച്ചത്.