ബിഹാറില്‍ പരീക്ഷയെച്ചൊല്ലി വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ കേസില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ കേസ്. ഇന്നലെയാണ് ബിഹാറില്‍ ജന്‍സുരാജ് നേതാക്കളും പരീക്ഷാപരിശീലന കേന്ദ്രം ഉടമകളും പ്രതിഷേധക്കാരും ഒത്തുചേര്‍ന്നത്. 700ഓളം വരുന്ന പേരറിയാത്തവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ഒത്തുചേര്‍ന്നതിനും ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതിനുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പട്നയിലെ ഗാന്ധി മൈതാനത്താണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഒത്തുചേര്‍ന്നത്. പ്രതിഷേധം ഒടുവില്‍ സംഘര്‍ഷമായി മാറിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പിന്നാലെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ക്രമസമാധാന പ്രശ്നം സൃഷ്ടിക്കരുതെന്ന് അധികാരികള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും നിര്‍ദേശം വകവക്കാന്‍ പോലും പ്രതിഷേധക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഉദ്യോഗാര്‍ഥികള്‍ പാറ്റ്നയില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപണം ഉയര്‍ന്ന പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം ആളിക്കത്തിയത്. പ്രശാന്ത് കിഷോറും പാര്‍ട്ടിയും ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് ഗാന്ധി മൈതാനത്തെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിക്കണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറിയുമായി വിഷയം സംസാരിക്കാമെന്ന നിര്‍ദേശം ഉദ്യോഗാര്‍ഥികളും തള്ളി.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ ജന്‍ സുരാജ് രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവന്നത്. സംസ്ഥാനത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.