സുഹൃത്തുക്കളുമായി ട്രക്കിങിനെത്തിയ യുവതി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ ബോര്‍ണെ ഗാട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘത്തിനൊപ്പമായിരുന്നു യുവതി എത്തിയത്. 

ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണുപോയത്. കരച്ചില്‍ കേട്ട് സുരക്ഷാപ്രവര്‍ത്തകരും ട്രക്കിങിനെത്തിയവരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മതിയായ ചികില്‍സ നല്‍കിയെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത കുംബെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ വീണുമരിച്ചതിന് പിന്നാലെയാണ് യുവതിയും അപകടത്തില്‍പ്പെട്ടത്. അന്‍വി കംദറെന്നെ 26കാരിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതിനെ അപകടത്തില്‍പ്പെട്ട് അന്ന് മരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ അന്‍വി കാല്‍വഴുതി വീഴുകയായിരുന്നു. നിലവിലെ രണ്ട് അപകടങ്ങളുടെയും പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്ക് പ്രാധാനം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സാഹസികമായി വിഡിയോയോ ചിത്രങ്ങളോ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും പ്രകൃതിഭംഗി ആസ്വദിച്ച് സന്തോഷമായി മടങ്ങുകയാണ് വേണ്ടതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Pune woman falls into 100 foot gorge while taking selfie, rescued.