കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നം തടയാന്‍ ലക്ഷ്യമിട്ടുള്ള ഹര്‍ജി വിമര്‍ശനത്തോടെ തള്ളി സുപ്രീം കോടതി.  ശരീരഭാഗങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കൈപ്പത്തി ചിഹ്നമാണ് ഹര്‍ജിക്കു പിന്നിലെ ലക്ഷ്യമെന്ന് വാക്കാല്‍ നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്ത് തരത്തിലുള്ള ഹര്‍ജിയാണിതെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു. നിങ്ങള്‍ക്ക് കണ്ണും മൂക്കും കയ്യുമില്ലെന്നും ചീഫ് ജസ്റ്റിസ് പരിഹസിച്ചു.

രാഷ്ട്രീയ പാർട്ടികൾ ഏതെങ്കിലും ശരീരഭാഗം തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സർഗുജ സൊസൈറ്റി ഫോർ ഫാസ്റ്റ് ജസ്റ്റിസ് എന്ന സംഘടനയാണ് ഹർജി നല്‍കിയത്.  സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ശരീര ഭാഗങ്ങള്‍ ചിഹ്നമായി ഉപയോഗിക്കുന്നത് തടയണം എന്നായിരുന്നു വാദം.   മനുഷ്യ ശരീരഭാഗങ്ങളോട് സാമ്യമുള്ള ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനമാവാന്‍ സാധ്യതയുണ്ട്,  നിശബ്ദ പ്രചാരണത്തിന്‍റെ സമയത്ത് അത്തരം ചിഹ്നങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

2018-ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.  2024 മാർച്ചിലും ജൂണിലും ഹര്‍ജിക്കാരന്‍ വീണ്ടും പരാതികൾ നൽകി. തുടര്‍ന്നും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.