bsnl

സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുയർത്തിയതോടെ പലരും പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനോട് അടുത്തു. സ്വകാര്യ കമ്പനികൾ റേറ്റ് കുത്തനെ കൂട്ടിയതോടെ ലക്ഷകണക്കിന് ഉപഭോക്താക്കളാണ് സിം പോർട്ട് ചെയ്ത് ബിഎസ്‍എൻഎല്ലിലേക്ക് എത്തിയത്. അതേസമയം, സ്വകാര്യ ടെലികോം ഉപഭോക്താക്കൾ 4ജി സേവനം നൽകി വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്എൻഎല്ലിന് 4ജിയിലേക്ക് കടക്കാനാകുന്നത്. ഇതിന് കാരണം പറയുകയാണ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 

'ജിയോ, എയർടെൽ, വോഡാഫോൺ എന്നിവ 4ജി നെറ്റ്‍വർക്ക് ആരംഭിച്ചിട്ടും എന്തുകൊണ്ട് ബിഎസ്എൻഎലിന് 4ജി സേവനം ഇല്ലാത്തതെന്ന് പലരും ചോദിക്കുന്നത് കേട്ടു, പ്രധാനമന്ത്രിയുടെ നിർണായക തീരുമാനമായിരുന്നു അതിന് പിന്നിൽ' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. 'സർക്കാർ നിയന്ത്രണത്തിലുള്ളൊരു കമ്പനിയുടെ നെറ്റ്‍വർക്കിൽ ചൈനയുടെയോ മറ്റു രാജ്യങ്ങളുടെയോ ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന പ്രധാനമന്ത്രിയുടെ തീരുമാനമാണ് ഇതിന് പിന്നിൽ.  ഇതിനാൽ തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു', സിൻഡ്യ വ്യക്തമാക്കി. 

ഇന്ത്യ സ്വന്തം ടെക്നോളജി നിർമിച്ച് ജനങ്ങൾക്ക് 4ജി സേവനം നൽകി. ഇതിന് ഒന്നര വർഷമെടുത്തു. സ്വന്തമായി സാങ്കേതിക വിദ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്പനികളായ തേജസ് നെറ്റ് വർക്ക്, സി–ഡോട്, ടിസിഎസ് എന്നിവരാണ് സാങ്കേതിക വിദ്യ നിർമിക്കുന്നത്. 80,000 ടവറുകൾ ഒക്ടോബറോടെയും 21,000 എണ്ണം മാർച്ചോടെയും പൂർത്തിയാകും. 2025 മാർച്ചോടെ ബിഎസ്എൻഎല്ലിന് 1 ലക്ഷം 4ജി ടവറുകൾ സ്വന്തമാകും. ഇത് വേഗതയേറിയ ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

4ജി ടവറുകളിൽ ചെറിയ വ്യത്യാസം വരുത്തി 5ജി ടവറുകളാക്കി മാറ്റാം. ഇത് നടന്ന് വരുകയാണ്. വേഗത്തിൽ 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൻറെ സബ്സ്ക്രൈബർമാരുടെ എണ്ണം വർധിക്കുന്നതായും ടെലികോം മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. 

ENGLISH SUMMARY:

BSNL use indigenous technology to implement 4G Network by Prime Ministers Decision.