sheikh-hasina

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജിവച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്ത്യയിലേക്കാണ് രക്ഷതേടിയെത്തിയത്. യുകെയിലേക്ക് കടക്കാനുള്ള ഹസീനയുടെ ശ്രമങ്ങൾ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യയിൽ തന്നെ തുടരാനാണ് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ തീരുമാനം. അതേസമയം മുൻ പ്രധാനമന്ത്രിയുടെ അവസ്ഥ 2023 ഡിസംബറിൽ തന്നെ പ്രവചിച്ചെന്ന വാദവുമായി ഇന്ത്യൻ ജ്യോതിഷി രംഗത്തെത്തി. '2024 മേയ്, ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ വധശ്രമം അടക്കം നേരിടേണ്ടി വന്നേക്കാം, ശ്രദ്ധിക്കണം' എന്നായിരുന്നു ജ്യോതിഷി പ്രശാന്ത് കിനിയുടെ പ്രവചനം.

2024 ഓഗസ്റ്റിൽ ഷെയ്ക് ഹസീനയ്ക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് ഞാൻ നേരത്തെ പ്രവചിച്ചിരുന്നു എന്ന കുറിപ്പോടെയാണ് പ്രശാന്ത് കിനി മുൻ എക്സ് പോസ്റ്റ് റീഷെയർ ചെയ്തത്.

ഓഗസ്റ്റ് അഞ്ചിന് പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാണ്. ഇതിനോടകം 2.6 മില്യൺ പേരാണ് പോസ്റ്റ് കണ്ടത്. രസകരമായ കമൻറുകളും പോസ്റ്റിലുണ്ട്. പലരും തങ്ങളുടെ ഭാവി പ്രവചിക്കാൻ ആവശ്യപ്പെടുമ്പോൾ ഇന്ത്യയുടെ ഭാവിയാണ് മറ്റുള്ളവരുടെ ആവശ്യം. 'എന്തൊരു പ്രവചനം' എന്നാണ് മറ്റൊരു എക്സ് അക്കൗണ്ടിൽ നിന്നുള്ള കമൻറ്. 'ആർസിബി ഐപിഎൽ കിരീടം നേടുന്നതിനെ പറ്റിയൊരു പ്രവചനം' സാധ്യമാണോ എന്നാണ് മറ്റൊരു ചോദ്യം.

അതേസമയം രക്ഷതേടി ഇന്ത്യയിലെത്തിയ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ വ്യക്തമാക്കി. ബംഗ്ലദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലാപം രൂക്ഷമായ ബംഗ്ലദേശിൽ മരണം 300 കടന്നു. രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ പാർലമെൻറും ഷെയ്ഖ് ഹസീനയുടെ വസതിയും പ്രതിഷേധക്കാർ കയ്യേറി. ഷേർപ്പുർ ജയിൽ തകർത്ത് അഞ്ഞൂറിലേറെ തടവുകാരെ മോചിപ്പിച്ചു. സർക്കാർ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുൽനയിൽ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.

ENGLISH SUMMARY:

Indian astrologer predict situation in Bengaldesh and unrest of Sheikh Hasina