മുന്‍ വിദേശകാര്യ മന്ത്രി കെ.നട്‌വര്‍ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി ആയിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനാപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
2005 ല്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇറാഖില്‍ നിന്നും എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതി കുംഭകോണത്തില്‍ ആരോപണ വിധേയനായ നട്‌വര്‍ സിങ് പിന്നാലെ രാജിവച്ചു.
2008ഓടെ കോണ്‍ഗ്രസ് വിട്ടു. പിന്നീട് ബിഎസ്.പിയില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നട്‌വര്‍ സിങിനെ ബി.എസ്.പിയും പുറത്താക്കിയിരുന്നു. ആത്മകഥയായ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫിലൂടെ വിവാദ വെളിപ്പെടുത്തലുകളും നട്‌വര്‍ സിങ് നടത്തിയിരുന്നു.