അയോധ്യരാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന 50 ലക്ഷം രൂപയുടെ വഴിവിളക്കുകള്‍ മോഷ്ടിച്ചു. അയോധ്യ ഡവലപ്മെന്‍റ് അതോറിറ്റി കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യത്യസ്ത തരത്തിലുള്ള ലൈറ്റുകളാണ് അതിസുരക്ഷാമേഖലയിലെ പാതയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
മേയ് മാസത്തില്‍തന്നെ കരാര്‍ കമ്പനി ഈ വിഷയത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും എന്നാല്‍ ഓഗസ്റ്റ് ഒന്‍പതിന് മാത്രമാണ് പരാതി നല്‍കിയതെന്നും എഫ്ഐആറില്‍ പറയുന്നു. 6,400 ബാംബു ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ 3,800 ബാംബു ലൈറ്റുകള്‍ കാണാനില്ല. 36 പ്രൊജക്ടര്‍ ലൈറ്റുകളും മോഷ്ടിക്കപ്പെട്ടുവെന്ന് കരാര്‍ കമ്പനി നല്‍കിയ പരാതിയിലുണ്ട്. സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണെന്നും പുണ്യ നഗരത്തില്‍ പോലും ക്രമസമാധാന പാലനം കൃത്യമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വിമര്‍ശിച്ചു.